കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ഡോക്‌ടർ കെ വി പ്രീതിക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. ആവശ്യം ഉന്നയിച്ചുകൊണ്ട് ഉത്തര മേഖല ഐജിക്ക് അതിജീവത പരാതി നൽകി. പൊലീസ് റിപ്പോർട്ട് ഡോ. പ്രീതിക്ക് അനുകൂലമെന്ന് കാണിച്ചാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്.
പ്രീതിക്കെതിരായ പരാതി മെഡിക്കൽ കോളജ് അസിസ്‌റ്റന്‍റ് കമ്മിഷണറാണ് അന്വേഷിച്ചത്. എന്നാൽ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ആറ് ദിവസം കമ്മിഷണർ ഓഫിസിന് മുന്നിൽ സമരമിരുന്നാണ് അന്വേഷണ റിപ്പോർട്ട് അവർക്ക് ലഭിച്ചത്.
ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഗൈനക്കോളജിസ്‌റ്റ് ഡോ. കെ വി പ്രീതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. കേസ് അട്ടിമറിക്കാൻ വേണ്ടി തന്‍റെ മൊഴി പോലും കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതിയിലാണ് മെഡിക്കല്‍ കോളജ് എസിപി അന്വേഷണം നടത്തിയത്.
ഗൈനക്കോളജിസ്‌റ്റ് പരിശോധിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നഴ്‌സ് പറഞ്ഞ കാര്യങ്ങള്‍ പോലും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത മൊഴിയിൽ പറഞ്ഞിരുന്നു. നഴ്‌സിന്‍റെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയ ശേഷം കമ്മിഷണര്‍ക്ക് സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.