കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം സെൻട്രൽ ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലും വീട്ടിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് (Koyilandy CPM leader murder case).
അഭിലാഷ് ഉപേക്ഷിച്ച ഫോൺ കണ്ടെത്തിയത് നിർണായകമായി. കൃത്യം നടത്തി പൊലീസ് സ്‌റ്റേഷനിലേക്ക് നടന്നുപോയ വഴിയിൽ ഒരു വൈദ്യുതി തൂണിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞ സ്ഥലവും പ്രതി പൊലീസിനെ കാണിച്ചുകൊടുത്തു.
പേരാമ്പ്ര ഡിവൈഎസ്‌പി ബിജു, കൊയിലാണ്ടി ഇൻസ്പെക്‌ടർ മെൽവിൽ ജോസ്, പയ്യോളി, മേപ്പയ്യൂർ ഇൻസ്പെക്‌ടർമാർ, എസ്ഐമാരായ മനോജ്, പ്രദീപ് കുമാർ, എഎസ്ഐ കെപി ഗിരീഷ് കുമാർ, എസ്‌സിപിഒ ഒകെ സുരേഷ് തുടങ്ങി അൻപതോളം വരുന്ന പൊലീസ് സംഘത്തിന്‍റെ അകമ്പടിയിൽ രാവിലെ 6.30നാണ് തെളിവെടുപ്പ് ആരംഭിച്ചത്.
ആറ് ദിവസത്തേക്ക് കസ്‌റ്റഡിയിൽ ലഭിച്ച പ്രതിയുടെ ചോദ്യം ചെയ്യൽ തുടരും. ഫോൺ വിവരങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തിയായിരിക്കും ചോദ്യം ചെയ്യുക.
ALSO READ:സിപിഎം നേതാവിന്‍റെ കൊലപാതകം: പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം; എം വി ഗോവിന്ദൻ