കോട്ടയം: കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും നാമനിർദേശ പത്രിക സമർപ്പിച്ചു. കലക്‌ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കലക്‌ടർ വി. വിഗ്നേശ്വരിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്. തോമസ് ചാഴികാടൻ മൂന്ന് സെറ്റ് പത്രികയും തുഷാർ വെള്ളാപ്പള്ളി രണ്ട് സെറ്റ് പത്രികയും ആണ് നൽകിയത്.
എൽഡിഎഫ് നാളെ ഒരു സെറ്റ് പത്രിക കൂടി സമർപ്പിക്കും. എൻഡിഎ നാളെ രണ്ട് സെറ്റ് പത്രിക കൂടി സമർപ്പിക്കും. മന്ത്രി വി. എൻ വാസവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി. ബി ബിനു എന്നിവരോടൊപ്പം എത്തിയാണ് സ്ഥാനാർഥി തോമസ് ചാഴികാടൻ പത്രിക നൽകിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം പ്രകടനമായി കലക്‌ടറേറ്റിൽ എത്തിയ ശേഷമായിരുന്നു പത്രിക നൽകൽ.
അതേസമയം ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. സിനിൽ മുണ്ടെപ്പിള്ളി, ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാർ എന്നിവർ എൻഡിഎ സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം എൻഡിഎ ഓഫിസിൽ നിന്നും വാഹന റാലിയായി എത്തിയാണ് തുഷാർ വെള്ളാപ്പള്ളി പത്രിക സമർപ്പിച്ചത്.
Also read: 'ഉമ്മൻ ചാണ്ടി എന്ന വികാരം ഊർജമാക്കി, ഫ്രാൻസിസ് ജോർജിന് ഉജ്വല വിജയം നൽകണം': മറിയാമ്മ ഉമ്മൻ