കോഴിക്കോട് : സർക്കാരിനും സിപിഎമ്മിനും എതിരെ പടവാളെടുത്തിന് പിന്നാലെ നിലമ്പൂർ എംഎൽഎ പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറൽ പാർക്കിൻ്റെ തടയണകൾ കാട്ടരുവിയുടെ ഒഴുക്ക് തടയുന്നു എന്നായിരുന്നു കണ്ടെത്തൽ. അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെന്‍ഡര്‍ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു.
തടയണ പൊളിക്കാൻ എട്ട് മാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പഞ്ചായത്ത് ഈ നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അൻവർ സിപിഎമ്മുമായി കൊമ്പുകോർത്തതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റിസോർട്ടിൽ കാട്ടരുവി തടഞ്ഞ് നിർമിച്ച നാല് തടയണകൾ പൊളിച്ച് നീക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല കലക്‌ടർക്കും പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഗ്രീന്‍ മൂവ്‌മെന്‍റ് ജനറല്‍ സെക്രട്ടറി ടിവി രാജനാണ് പരാതി നൽകിയത്. എന്നാൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎയായ അൻവറിനെതിരെ മെല്ലെപ്പോക്കായിരുന്നു. നിലവിൽ അൻവർ തിരിഞ്ഞ് കുത്തിയതോടെ നടപടികൾ അതിവേഗത്തിലായത്.