കൊല്ലം: കേരളത്തിൽ വീരഭദ്രസ്വാമി മുഖ്യ പ്രതിഷ്‌ഠയായിട്ടുള്ള ക്ഷേത്രം വളരെ അപൂർവമാണ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉപദേവതാസ്ഥാനമുള്ള വീരഭദ്രനെ പ്രധാന ദേവതയായി പ്രതിഷ്‌ഠിച്ച ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ അഷ്‌ടമുടിയിലുള്ളത്. ആചാരനുഷ്‌ഠാനങ്ങളിലെ വ്യത്യസ്‌തതയാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വേറിട്ട് നിര്‍ത്തുന്നത്.
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട നേർച്ചകളിലൊന്നാണ് ഉരുള്‍ നേര്‍ച്ചയും നെയ്‌വിളക്കും. നാല്‍ക്കാലികളുടെ രോഗശമനത്തിനായാണ് ഭക്തര്‍ ഉരുൾ നേർച്ച നടത്തുന്നത്. അതുപോലെ ഉദിഷ്‌ടകാര്യ സിദ്ധിക്കും സർവ്വ ഐശ്വര്യത്തിനുമായി വീരഭദ്രസ്വാമിക്ക് ഉരുൾ നേര്‍ച്ചയുമായി ധാരാളം പേരാണ് ഇവിടെയെത്തുന്നത്.
നാല്‍ക്കാലികള്‍ക്ക് രോഗം വന്നാല്‍ അത് ശമിക്കുന്നതിനായി സ്വാമിക്ക് മുന്നില്‍ നെയ്‌വിളക്ക് തെളിക്കുകയോ ഉരുള്‍ നേര്‍ച്ച നടത്തുകയോ ചെയ്‌താല്‍ രോഗം ഭേദമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ജാതിമത ഭേദമന്യേയാണ് നേര്‍ച്ച സമര്‍പ്പിക്കാന്‍ ആളുകള്‍ ഇവിടെയെത്തുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തജന സഹസ്രങ്ങൾ അഷ്‌ടമുടി കായലിൽ മുങ്ങി കുളിച്ച് ഈറനോട് ശ്രീകോവിലിന് ചുറ്റും പല പ്രാവശ്യം ശയനപ്രദക്ഷിണം നടത്തും. ജാതി മത ഭേദമെന്യേയാണ് നേര്‍ച്ച സമര്‍പ്പിക്കാന്‍ ആളുകള്‍ ഇവിടെയെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അറബിക്കടലും കല്ലടയാറും അഷ്‌ടമുടിക്കായലും സംഗമിക്കുന്ന തീരത്തുള്ള ക്ഷേത്രവും പരിസരവും അവാച്യമായ ദര്‍ശനാനുഭൂതിയാണ് ഭക്തര്‍ക്ക് നല്‍കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ക്ഷേത്രത്തിന്. എന്നാൽ കൃത്യമായ കാലപ്പഴക്കം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
വീരഭദ്രസ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യം: ദക്ഷയാഗ കഥയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം. ശിവപത്‌നി സതീദേവിയുടെ പിതാവായ ദക്ഷന്‍, താന്‍ നടത്തിയ യാഗത്തില്‍ എല്ലാ ദേവന്മാരേയും ക്ഷണിച്ചു. എന്നാൽ ആ യാഗത്തിലേക്ക് ശിവനും സതീദേവിക്കും ക്ഷണമുണ്ടായിരുന്നില്ല.
അതേസമയം യാഗത്തിന്‍റെ ഭാഗമാകാൻ സതീദേവി വളരെയധികം ആഗ്രഹിച്ചിരുന്നെങ്കിലും പരമശിവൻ അനുമതി നിഷേധിച്ചിരുന്നു. ഭർത്താവിന്‍റെ സമ്മതമില്ലാതെ യാഗത്തിൽ പങ്കെടുക്കാനെത്തുന്ന തന്നെ പിതാവ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് സതിദേവിക്ക് ഉറപ്പുണ്ടായിരുന്നു . എന്നാൽ യാഗം കാണാന്‍ ക്ഷണിക്കാതെയെത്തിയ സതീദേവി പിതാവിനാല്‍ അപഹാസ്യയായി. അതിൽ മനംനൊന്ത് സതിദേവി യാഗാഗ്നിയില്‍ ആത്മാഹുതി ചെയ്‌തു.
ഇതറിഞ്ഞ ശിവഭഗവാന്‍ രോഷാകുലനായി സംഹാര താണ്ഡവമാടി. തന്‍റെ തലമുടിയിലെ ജടയെടുത്ത് നിലത്തടിച്ചു. എട്ട് ഭാഗങ്ങളായി പിളര്‍ന്ന ജടയില്‍ നിന്ന് ഉത്ഭവിച്ച വീരഭദ്രനും ഭദ്രകാളിയും ദക്ഷനെ വധിച്ചു. ശിരസറ്റ ദക്ഷന്‍ ജീവന് വേണ്ടി യാചിച്ച് വീരഭദ്രനും ഭദ്രകാളിക്കും ചുറ്റും ഉരുണ്ടു. തുടര്‍ന്ന് ദേവഗണങ്ങളുടെ അഭ്യര്‍ഥനയനുസരിച്ച് ഒരാടിന്‍റെ തലയറുത്ത് ദക്ഷന് വച്ച് ജീവന്‍ നല്‍കിയതായാണ് പുരാണം.
എട്ട് ഭാഗങ്ങളായി പിളര്‍ന്ന, ശിവന്‍റെ ജട നിലത്തടിച്ച സ്ഥലമാണ് അഷ്‌ടമുടി കായലായി രൂപാന്തരപ്പെട്ടതെന്നാണ് വിശ്വാസം. ദക്ഷന് ജീവന്‍ നല്‍കാനായി നിരുപദ്രവകാരിയായ ആടിനെ കൊല്ലേണ്ടി വന്ന പാപഭാരത്താല്‍, വീരഭദ്രസ്വാമിയും ഭദ്രകാളിയും അഷ്‌ടമുടി കായലില്‍ സ്‌നാനം ചെയ്‌ത് പാപമോചിതരായ ശേഷം കായലിന്‍റെ തീരത്ത് ഇരുന്നതായാണ് ഐതിഹ്യം.
വീരഭദ്രസ്വാമി ക്ഷേത്രത്തിന്‍റെ സമീപ സ്ഥലമായ ത്രിക്കരുവയില്‍ ഒരു ഭദ്രകാളി ക്ഷേത്രവുമുണ്ട്. വീരഭദ്രസ്വാമി തെക്കോട്ടും ഭദ്രകാളി വടക്കോട്ടും ദര്‍ശനത്തിലായാണ് ഇരു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. സാഹോദര്യ ഭാവത്തില്‍ നേര്‍ക്കുനേരെയുള്ള ദര്‍ശനത്തില്‍ കുടികൊള്ളുന്നതു കൊണ്ട് ഭക്തരുടെ ഏത് ആഗ്രഹവും ഇവിടെ സാധിക്കുമെന്നാണ് വിശ്വാസം.
വീരഭദ്രസ്വാമിക്കും ഭദ്രകാളിക്കും പാപമോക്ഷം ലഭിച്ചതിനാല്‍ അഷ്‌ടമുടി കായലിലെ ബലിതര്‍പ്പണത്തിനും പ്രസക്തിയേറെയാണ്. കര്‍ക്കിടക വാവ് ബലിക്ക് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. ത്രിക്കരുവയിലെ ഭദ്രകാളി ദര്‍ശനത്തിന് ശേഷമാണ് ഭക്തര്‍ വീരഭദ്രസ്വാമിയുടെ അടുക്കല്‍ എത്തേണ്ടതെന്നാണ് വിശ്വാസം.
കന്നിമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നാളുകളിലാണ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്രാടത്തിന് ത്രിക്കരുവ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും മരത്തടിയില്‍ നിര്‍മ്മിച്ച ദണ്ഡ് ഘോഷയാത്രയായി വീരഭദ്രസ്വാമി ക്ഷേത്രത്തിലെത്തിക്കും. അതിന് ശേഷമാണ് പ്രധാന വഴിപാടായ ഉരുള്‍ നേര്‍ച്ച ആരംഭിക്കുന്നത്. സഹോദരി സഹോദരന് നല്‍കുന്ന സമ്മാനമായാണ് ദണ്ഡ് സമര്‍പ്പിക്കുന്നത്.
തിരുവോണ നാളില്‍ ഉത്സവം കൊടിയിറങ്ങിയ ശേഷം ദണ്ഡ് തിരികെ ത്രിക്കരുവയിലേക്ക് കൊണ്ടുപോകും. കാവനാട്ട് , കുറ്റിയഴികം കരക്കാരാണ് ഇരു ക്ഷേത്രങ്ങളുടേയും കാരണവന്മാര്‍. കൊല്ലം നഗരത്തില്‍ നിന്നും തേവള്ളി അഞ്ചാലുംമൂട് വഴി വീരഭദ്രസ്വാമി ക്ഷേത്രത്തിലെത്താം.
Also Read: സ്‌ത്രീത്വം ആഘോഷിക്കുന്ന ക്ഷേത്രം; കാമാഖ്യയുടെ ചരിത്രവും ഐതിഹ്യവും