തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റണമെന്ന കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യത്തിന് കേന്ദ്രത്തിന്‍റെ അംഗീകാരം. നേമം ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നും കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നുമാണ് മാറുന്നത്. നേരത്തെ റെയില്‍വേ ബോര്‍ഡും റെയില്‍വേ മന്ത്രാലയവും അംഗീകാരം നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്‍റെ അന്തിമ അംഗീകാരം കൂടി ആവശ്യമായിരുന്നു. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഇനി സംസ്ഥാന സര്‍ക്കാരിന് ഒരു വിജ്ഞാപനത്തിലൂടെ പേര് മാറ്റത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാം. തലസ്ഥാന നഗരത്തിന്‍റെ തെക്കും വടക്കും സ്ഥിതി ചെയ്യുന്ന ഈ രണ്ടു പ്രധാന സ്റ്റേഷനുകളുടെ വികസനത്തിലൂടെ മാത്രമേ തലസ്ഥാനത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുന്ന സ്ഥിതിയുണ്ടാകൂ എന്നും അതിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍റെ തെക്കുവശത്തുള്ള നേമവും വടക്കു ഭാഗത്തുള്ള കൊച്ചുവേളിയും വികസിസിപ്പിക്കണമെന്നതും കേരളത്തിന്‍റെ ദീര്‍ഘ കാല ആവശ്യമായിരുന്നു.
നേമം, കൊച്ചുവേളി എന്നീ പേരുകള്‍ തിരുവനന്തപുരവുമായി ബന്ധമില്ലാത്തതു കാരണം പലപ്പോഴും റെയില്‍വേ വികസന പദ്ധതികളില്‍ നിന്നു തഴയപ്പെടുന്നതായി പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ടു സ്റ്റേഷനുകള്‍ക്കും തിരുവനന്തപുരവുമായി ബന്ധമുള്ള പേരുണ്ടായാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കുമെന്ന് റെയില്‍വേ രംഗത്തെ പല വിദഗ്‌ധരും ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്ത് പേരുമാറ്റം വര്‍ഷങ്ങള്‍ക്കു മുന്‍പേ ആദ്യം കേന്ദ്രത്തിനു മുന്നിലെത്തിച്ചത് തിരുവനന്തപുരത്തെ എംപി ശശി തരൂരായിരുന്നു.
Also Read: വനിത യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികളുമായി റെയില്‍വേ
സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി സംസ്ഥാന സര്‍ക്കാരും നിരന്തരമായി ഇതേ ആവശ്യമുന്നയിച്ചു സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഒടുവില്‍ ആറുമാസം മുന്‍പ് ആവശ്യത്തിന് റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗീകാരം നല്‍കി. പിന്നാലെ കേന്ദ്ര റെയില്‍വേ ബോര്‍ഡും റെയില്‍ മന്ത്രാലയും പേരുമാറ്റം അംഗീകരിച്ചു. ഇതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പേരുമാറ്റത്തിന് അന്തിമ അംഗീകാരം നല്‍കിയത്.