തിരുവനന്തപുരം : 3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരമെന്നും ബാക്കി പണം കടം എടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ചോദ്യോത്തര വേളയിൽ സംസ്ഥാനത്തിന്‍റെ കടബാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നികുതി വിഹിതം വെട്ടിക്കുറച്ചതും പ്രതിസന്ധിക്ക് ഇടയാക്കിയെന്നും നികുതി പിരിവ് കാര്യക്ഷമമാക്കി ചെലവ് ചുരുക്കി മുന്നോട്ടുപോകുമെന്നും ധനമന്ത്രി പറഞ്ഞു.
ജിഎസ്‌ടിയിൽ പല തട്ടിപ്പുകളും നടക്കാറുണ്ട്. ഇത് പരിശോധിച്ച് പരിഷ്‌കരിക്കാൻ ജിഎസ്‌ടി കൗൺസിലിൽ നിരന്തരമായി വാദം ഉന്നയിക്കാറുണ്ട്. കേന്ദ്ര പദ്ധതികൾക്ക് ബ്രാൻഡിങ് നൽകാത്തതിനെ തുടർന്ന് കേന്ദ്രഫണ്ട് തടഞ്ഞു വച്ചുവെന്നും, 1000 കോടിക്കടുത്ത് ബഡ്‌ജറ്റിനെക്കാൾ അധികരിച്ച് സർക്കാർ നൽകി വരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
എൻഎച്ച്‌എം ഉൾപ്പെടെ മുന്നോട്ട് കൊണ്ട് പോകുന്നത് സംസ്ഥാന സർക്കാർ പണം നൽകിയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന തുകയിലും കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 35,000 പേരുടെ നിയമനമാണ് ഓരോ വർഷവും നടക്കുന്നത്.
0.002 ആണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. അഞ്ച് മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനിയും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. കേരളത്തിന് ലഭിക്കേണ്ട പണം ലഭിക്കുന്നില്ല. 3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരം എന്നാൽ ഇതുവരെ 2.8 ശതമാനം ആണ് കടമെടുത്തിട്ടുള്ളതെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യത്തര വേളയിൽ പറഞ്ഞു.
ALSO READ : ഇത്തരം ക്രൂരത എവിടെ നടന്നാലും ശക്തമായ നടപടികൾ നേരിടേണ്ടി വരും; സിദ്ധാർഥിന്‍റെ മരണത്തിൽ മുഖ്യമന്ത്രി