തിരുവനന്തപുരം: കേരളത്തെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന ബജറ്റ് ആയിരിക്കും കേരളത്തിന്‍റേതെന്ന് ജനങ്ങൾക്ക് നല്ല ധാരണയുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മെയ് അഞ്ചിന് അവതരിപ്പിക്കാൻ പോകുന്ന സംസ്ഥാന ബജറ്റിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (Kerala Budget 2024).
കേന്ദ്രത്തിന്‍റെ ഏറ്റവും വലിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. ആ പരിമിതികളിൽ നിന്നുകൊണ്ട് തന്നെ നല്ലൊരു ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് കൂടുതൽ ബാധ്യത വരുത്തുന്നതായിരിക്കില്ല പുതിയ ബജറ്റെന്നും ധനമന്ത്രി. കർണാടക മുഖ്യമന്ത്രി ഉൾപ്പെടെ കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് (KN Balagopal).
കേരളത്തിന്‍റെ പരാതി രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളും ഏറ്റെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കർണാടക മുഖ്യമന്ത്രിയുടെ നിലപാടിനോട് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം എന്താണെന്നും കെ.എൻ. ബാലഗോപാൽ ചോദിച്ചു. കേന്ദ്രത്തെ വെറുതെ പഴിക്കുന്നതല്ല എന്നുള്ളതിന് തെളിവാണ് കർണാടക സർക്കാരിന്‍റെ നിലപാടെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.