തിരുവനന്തപുരം : കേരളത്തിന് വലിയ തോതിൽ നികുതി നൽകിയെന്ന നിർമല സീതാരാമന്‍റെ വാദം വസ്‌തുതാപരമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal Against Nirmala Sitharaman). 2014 മുതൽ 2024 വരെയുള്ള എൻ ഡി എ കാലത്ത് 1,50,000 കോടിയിലധികം രൂപ യു പി എ കാലത്തേക്കാൾ നൽകിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം.
വളരെ ബാലിശമായ ന്യായമാണിത്. 20 വർഷം മുൻപുള്ള വേതനം ഇപ്പോഴും നൽകുന്നുവെന്ന് പറയുന്ന പോലുള്ള ന്യായമാണത്. മുൻപ് കിട്ടിയിരുന്നതും ഇപ്പോൾ കിട്ടുന്നതും തമ്മിലുള്ള ശതമാനം പരിശോധിക്കുമ്പോൾ 6 ശതമാനത്തിന്‍റെ അന്തരമുണ്ട്. 41 വർഷം കൊണ്ട് കേരളത്തിന്‍റെ നികുതി വിഹിതം 4 മടങ്ങ് വർദ്ധിച്ചു. ജി എസ് ടി കൂടി നിലവിൽ വന്നതോടെ കേരളം നേരിട്ട് പിരിച്ചുകൊണ്ടിരുന്ന നികുതി നഷ്‌ടപ്പെട്ടു.
നികുതി വരുമാനം രാജ്യത്ത് 11 മടങ്ങ് വർധിച്ചപ്പോൾ കേരളത്തിന് ഇത് 6 ശതമാനമായി വർധിക്കുകയായിരുന്നു. സംസ്ഥാനത്തിന് കൂടുതൽ പണം അനുവദിച്ചുവെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ വാദം തെറ്റാണ്. ഡിവിസിബിൾ പൂളിൽ നിന്നും കിട്ടേണ്ട പണം വെട്ടിക്കുറച്ചതും വ്യക്തമാണ്. ഞങ്ങൾ തയ്ച്ച് തരുന്ന ഉടുപ്പുകൾ ഉടുത്താൽ മതി എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കർണാടകത്തിന് കിട്ടേണ്ട നികുതി വിഹിതം ആവശ്യമാണെന്നും അവരുടെ സമരം ആവശ്യമാണെന്നുമുള്ള നിലപാടാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചത്.
കേന്ദ്രം പറയുന്ന വാദങ്ങളെ ശക്തിപ്പെടുത്താനുള്ള ചോദ്യങ്ങളാണ് പാർലമെന്‍റിൽ കോൺഗ്രസ് എം പി മാർ ഉന്നയിക്കുന്നത്. ബി ജെ പി ക്കെതിരെയുള്ള പൊതുയുദ്ധത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന് സജീവമാകാൻ കഴിയുമായിരുന്ന രാഷ്ട്രീയ പ്രശ്‌നത്തിൽ നിന്നും ഒളിച്ചോടി. ജനങ്ങളോട് ഇതിന് മറുപടി പറയേണ്ടി വരും. ക്ഷേമ പെൻഷൻ അടക്കം കൊടുക്കാൻ വേണ്ടിയിട്ടാണ് ഡൽഹിയിൽ സമരത്തിനിരുന്നത്.
സാധാരണക്കാരുടെ സങ്കടത്തോടൊപ്പം സര്‍ക്കാര്‍ ചേരുന്നു. കിട്ടേണ്ട പണം കിട്ടിയാൽ ഇവിടെ ഒരു പ്രശ്‌നവുമില്ല. അതിനായാണ് സമരം. തൃശൂരിൽ 29 രൂപയുടെ അരി വിതരണം നാടകമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും നാടകമുണ്ടാകുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.