എറണാകുളം: കൊച്ചിയിൽ പൊതുഗതാഗത രംഗത്ത് പുത്തൻ ചുവടുവെപ്പായി ലൈട്രാം (LighTram) വരുന്നു. കൊച്ചി മെട്രോയുടെ അനുബന്ധ സർവീസായി പദ്ധതി നടപ്പാക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ലൈട്രാം അധികൃതരുമായി കെഎംആർഎൽ ചർച്ച നടത്തി.
എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജങ്‌ഷൻ-മറൈൻ ഡ്രൈവ് വഴി, തേവര വരെ ബന്ധിപ്പിച്ചുള്ള ലൂപ്പ് ലൈനിൽ ട്രാം മോഡലിന്‍റെ സാധ്യതയെ കുറിച്ചാണ് ചർച്ച നടത്തിയത്. ഹെസ്സ് ഗ്രീൻ മൊബിലിറ്റിയിലെ അധികൃതരുമായാണ് കൊച്ചിയിൽ വെച്ച് കെഎംആർഎൽ ചർച്ച നടത്തിയത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്‌നിൽ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലൈട്രാം നടപ്പിലാക്കിയ സംഘമാണ് ഹെസ്സ് ഗ്രീൻ മൊബിലിറ്റി.
കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം ലൈട്രാം അധികൃതർ പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജങ്ഷൻ -മേനക- ജോസ് ജങ്ഷൻ വഴി തേവര വരെയുള്ള 6.2 കിലോമീറ്റർ ദൂരത്തിൽ ലൈട്രാം നടപ്പാക്കാൻ സാധ്യമാകുന്ന മേഖലയാണെന്നാണ് ഹെസ്സ് ഗ്രീൻ മൊബിലിറ്റി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ലൈട്രാം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഈ മേഖലയിൽ പ്രാഥമികമായി സാധ്യത പഠനവും തുടർന്ന് ഡിപിആറും തയ്യാറാക്കുവാനാണ് കെഎംആർഎല്ലിന്‍റെ തീരുമാനം.
പദ്ധതി യാഥാർത്ഥ്യമായാൽ കൊച്ചി മെട്രോയുടെ ഫീഡർ ആയും മെട്രോയുടെ തന്നെ ഉദ്ദേശം നിറവേറ്റാനും ലൈട്രാമിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. എംജി റോഡ് മെട്രോ സ്‌റ്റേഷനുമായി കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിനെ ബന്ധിപ്പിക്കുവാൻ ലൈട്രാം സഹായകരമാകും. തേവര ഭാഗത്ത് നിന്നും കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർക്കും മെട്രോയിലേക്ക് സുഗമമായി എത്താൻ ഇതുവഴി സാധിക്കും.
റോഡ് നിരപ്പിലും, മെട്രോയ്ക്ക് സമാനമായും, ഭൂഗർഭമായും പ്രവർത്തിക്കാൻ സജ്ജമാകുന്ന തരത്തിലുള്ളതാണ് ലൈട്രാമുകൾ. മൂന്ന് ബോഗികളിലായി 25 മീറ്റർ നീളമുള്ള ലൈട്രാമിൽ 240 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഇലക്ട്രിക്-ഹൈബ്രിഡ് ലൈട്രാമുകൾ 100 ശതമാനം ചാർജ് ചെയ്യുന്നതിന് വെറും 6 മിനിറ്റ് മതി.
ഭിന്നശേഷി സൗഹൃദമാണ് ലൈട്രാമുകൾ എന്നതും മറ്റൊരു ആകർഷണമാണ്. പരമ്പരാഗത മെട്രോയുടെ നാലിൽ ഒന്ന് മാത്രമാണ് ലൈട്രാം പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുവാൻ പദ്ധതിയുണ്ടെന്നും ഇവ യാഥാർത്ഥ്യമായാൽ പദ്ധതി ചെലവ് വീണ്ടും കുറയ്ക്കുവാൻ സാധിക്കുമെന്നും ഹെസ് ഗ്രീൻ മൊബിലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
Also Read: സുസ്ഥിര ജലഗതാഗത രംഗത്ത് പുത്തൻ മാതൃക; കൊച്ചി വാട്ടർ മെട്രോ ഒന്നാം വർഷത്തിലേക്ക്