തിരുവനന്തപുരം: ബദ്ധ വൈരികളായ കെകെ രമയും പിണറായി വിജയനും നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യം സിപിഎം ഒരിക്കലും ആഗ്രഹിക്കുന്നതല്ല. പ്രത്യേകിച്ച് ടിപി വധക്കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍. പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്താണ് 51കാരനായ ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റു കൊല്ലപ്പെട്ടത് എന്നത് അദ്ദേഹത്തിന്‍റെ ഭാര്യ രമയെ സംബന്ധിച്ച് തികച്ചും വൈകാരികവുമാണ്.
ടിപി ജീവിച്ചിരിക്കേയാണ് വടകരയിലെ പല യോഗങ്ങളിലും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അദ്ദേഹത്തെ കുലംകുത്തിയെന്ന് വിളിച്ചത്. 2021ല്‍ നിയമസഭയില്‍ എത്തിയ രമ സിപിഎമ്മിനെതിരെ ഉയര്‍ത്തുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ എല്ലായ്‌പ്പോഴും സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കുന്നു. ഇങ്ങനെയെല്ലാമുള്ള സാഹചര്യത്തിലാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത് എന്നിവരെ ഹൈക്കോടതി ഉത്തരുവ് പോലും കാറ്റില്‍ പറത്തി ജയിലില്‍ നിന്നു രഹസ്യമായി മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വിവരങ്ങള്‍ ഈ നിയമസഭ സമ്മേളന കാലയളവില്‍ പുറത്ത് വരുന്നത്.
ടിപിയുടെ ഭാര്യ രമ കൂടി അംഗമായ സഭയില്‍ വിഷയം ശൂന്യവേളയില്‍ ആരുന്നയിക്കും എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാത്തതാണ്. അത്തരത്തില്‍ ഇന്ന് ഈ വിഷയം ഉയര്‍ത്തി കെകെ രമയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. രമയെ സംബന്ധിച്ച് രാഷ്ട്രീയമായും വൈകാരികമായും ഈ വിഷയം പ്രാധാന്യമേറിയതാണ്.
അതിനാല്‍ രമയുടെ വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വല്ലാതെ പൊള്ളിക്കുമെന്നുറപ്പായിരുന്നു. വിഷയം ജയിലും ജയില്‍ മോചനവുമൊക്കെ ആകുമ്പോള്‍ ആഭ്യന്തര-ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് സ്വാഭാവികമായി മറുപടി പറയേണ്ടതും.
ഈ സാഹചര്യം ഒഴിവാക്കാന്‍ രമയുടെ അടിയന്തര നോട്ടിസ് പരിഗണിക്കുക പോലും ചെയ്യാതെ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ തള്ളുകയായിരുന്നു. സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ നോട്ടിസിന് അടിയന്തര പ്രാധാന്യമില്ലെന്ന വിശദീകരണത്തോടെയാണ് സ്‌പീക്കര്‍ തള്ളിയത്. മുഖ്യമന്ത്രി നടത്തേണ്ട വിശദീകരണം സ്‌പീക്കര്‍ നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം സ്‌പീക്കറെ കടന്നാക്രമിച്ചെങ്കിലും സ്‌പീക്കറുടെ സമയോചിത രക്ഷാപ്രവര്‍ത്തനം കെകെ രമയുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചു.
സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്‌തു.