തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നു പ്രതികളെ ആദ്യം രഹസ്യമായി പുറത്തെത്തിച്ച് പിന്നാലെ മറ്റു പ്രതികളെ കൂടി വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കമെന്ന് ടിപിയുടെ ഭാര്യയും പ്രതിപക്ഷ എംഎല്‍എയുമായ കെകെ രമ. 2024 ജൂണ്‍ 3ന് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോഴാണ് പ്രതികളെ വിട്ടയക്കാനുള്ള രഹസ്യമായ നീക്കം സര്‍ക്കാര്‍ ആരംഭിച്ചത്. ആരുമറിയാതെ ഇവരെ പുറത്തയക്കാനായിരുന്നു നീക്കമെന്നും കെകെ രമ പറഞ്ഞു.
കേരളം വെറുക്കുന്ന ഈ കൊടും ക്രിമിനലുകളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ മറ്റുള്ളവരെ ഒന്നൊന്നായി മോചിപ്പിക്കും. ഇവരെ പുറത്തു വിട്ടില്ലെങ്കില്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ഇവര്‍ നടത്തുമെന്ന് പാര്‍ട്ടി നേതൃത്വം ഭയക്കുന്നു. ഈ കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി കെ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്നും രമ ചോദിച്ചു.
കോടിയേരി ബാലകൃഷ്‌ണനും എസി മൊയ്‌തീനും ഈ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചത് ബന്ധുക്കളായത് കൊണ്ടാണോ. ഈ വിഷയത്തില്‍ ഗവര്‍ണറെ കാണാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കെകെ രമ പറഞ്ഞു.