തിരുവനന്തപുരം : നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണ സിവിൽ സപ്ലൈസ് അധികൃതർ പിടികൂടി. വിപണിയിൽ 2 ലക്ഷത്തോളം വരുന്ന മണ്ണെണ്ണയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. തമിഴ്‌നാട്ടിലെ റേഷൻകടകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് വിൽപ്പന നടത്താനാണ് കൊണ്ടുവന്നത്.
മണ്ണെണ്ണ കടത്താൻ ഉപയോഗിച്ചിരുന്ന വാഹനത്തിൽ സംസ്ഥാന സർക്കാരിന്‍റെ വ്യാജ ബോർഡുകളും സ്ഥാപിച്ചിരുന്നു. പിടിച്ചെടുത്ത മണ്ണെണ്ണ അമരവിളയിലെ സപ്ലൈക്കോയുടെ ഗോഡൗണിലേക്ക് മാറ്റി. സംഭവ സമയം ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിച്ചെടുത്ത വാഹനം പാറശാല പൊലീസിന് കൈമാറി. ഈ വാഹനത്തിന് ഒരുവിധ ഫിറ്റ്നസും ഇല്ല എന്ന് പൊലീസ് പറഞ്ഞു. വാഹന ഉടമയെ ഉൾപ്പെടെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Also Read : എക്സൈസ് റെയ്‌ഡ്; 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയില്‍ - GANJA SEIZED IN KOTTAYAM