കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് നോട്ടിസ് കിട്ടിയിട്ടില്ലെന്നും പി സതീദേവി പറഞ്ഞു. അറിയിപ്പ് കിട്ടിയാൽ കമ്മിഷന് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും നിലപാട് കോടതിയെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്ന് തന്നെയാണ് വനിത കമ്മിഷന്‍റെ നിലപാട്. പരാതികാർക്ക് നീതി ലഭിക്കാൻ വേണ്ടി ചെയ്യാവുന്നതൊക്കെ സർക്കാർ ചെയ്യുമെന്നാണ് പ്രതീക്ഷ. എന്തൊക്കെ പരിഹാരം വേണം എന്ന് സ്ത്രീകൾ തന്നെ മുന്നോട്ട് വന്ന് പറയണം.
അതേസമയം, കോൺക്ലേവ് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദി മാത്രമാണെന്നും അവർ പറഞ്ഞു. എന്താണ് അനുയോജ്യമെന്ന് സർക്കാർ തീരുമാനിക്കും. പരാതിയുമായി മുന്നോട്ട് വന്നാലേ കേസ് നിലനിൽക്കൂ. അതിനുള്ള ആർജവം മൊഴി നൽകിയവർ കാണിക്കണമെന്നും പി സതീദേവി വ്യക്തമാക്കി.