തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ച ഈ കരട് 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്.
ഭൗമശാസ്‌ത്ര പഠന കേന്ദ്രം ഡയറക്‌ടര്‍ പ്രൊഫ. എന്‍ വി ചലപതി റാവു, ഡോ. റെജി ശ്രീനിവാസ് എന്നിവർ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിൽ കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസനരഹിത മേഖലയായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഇത് 200 മീറ്ററായിരുന്നു. അതേസമയം കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന രഹിത മേഖലയായി തുടരും.
ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററായിരുന്നതിൽ നിന്ന് 50 മീറ്ററാകും. മറ്റ് ചെറിയ ജലാശയങ്ങളിൽ 50 മീറ്റർ വരെയോ ജലാശയത്തിന്‍റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും.
തുറമുഖത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ലെന്നും കരടിൽ വ്യവസ്ഥയുണ്ട്. സംസ്ഥാനങ്ങള്‍ തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കണമെന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേരളം തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയത്.