തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 2.30 മുതൽ മെയ് 5 വരെ രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മെയ് 7 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 7ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഉഷ്‌ണതരംഗ സാധ്യത, യെല്ലോ അലർട്ട്: അതേസമയം പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: അപ്രതീക്ഷിത വേലിയേറ്റവും ആഞ്ഞടിക്കുന്ന തിരമാലകളും ; 'കള്ളക്കടൽ' പ്രതിഭാസം എന്തെന്നറിയാം