തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 1 വരെ വ്യാപകമായി മഴ തുടരും. ഇന്ന് 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍,
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം 24 മണിക്കൂറിനകം സംസ്ഥാനത്ത് എത്താന്‍ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
തീരത്ത് കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.