തിരുവനന്തപുരം : കേരള സര്‍വകലാശാല കലോത്സവക്കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വിധികര്‍ത്താവ് പി എൻ ഷാജി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഇദ്ദേഹം അടക്കമുള്ളവര്‍ക്കെതിരായ എഫ്ഐആർ പുറത്ത്. എസ്എഫ്ഐ ജില്ല പ്രസിഡന്‍റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദൻ എൻ എ കന്‍റോൺമെന്‍റ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഷാജി, ജോമെറ്റ്, സൂരജ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇവർക്കെതിരെ ഐപിസിയിലെ 406, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
മാർഗംകളി മത്സരത്തിന്‍റെ ജഡ്‌ജസായിരുന്ന ഷാജി യൂണിവേഴ്‌സിറ്റി നിർദേശങ്ങൾ ലംഘിച്ച് പരിശീലകരായ ജോമെറ്റ്, സൂരജ് എന്നിവരുടെ സ്വാധീനത്തിന് വഴങ്ങി വിധി നിർണയത്തിൽ കൃത്രിമം കാണിച്ചുവെന്നും കേരള യൂണിവേഴ്‌സിറ്റിയോടും പ്രോഗ്രാം കമ്മിറ്റിയോടും മറ്റ് മത്സരാർത്ഥികളോടും വിശ്വാസ വഞ്ചന ചെയ്‌തെന്നുമാണ് എഫ്ഐആറിലുള്ളത്.
കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശിയായ ഷാജിയെ ഇന്നലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയിട്ടില്ലെന്നുമാണ് കുറിപ്പിലുള്ളത്. ഒരു പൈസയും വാങ്ങിയിട്ടില്ല, തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821