തിരുവനന്തപുരം : തലസ്ഥാനം വേദിയായ കേരള സർവകലാശാല കലോത്സവം 2024 താത്കാലികമായി നിർത്തിവച്ചു. മാര്‍ഗം കളി മത്സരത്തിന്‍റെ വിധി നിര്‍ണയത്തിന് കോഴ കൈപ്പറ്റിയെന്ന ഏതാനും വിദ്യാര്‍ഥികളുടെ ആരോപണത്തിന് പിന്നാലെയാണ് കലോത്സവം നിര്‍ത്തിവച്ചത്. ഇന്നലെ (മാര്‍ച്ച് 8) രാത്രിയാണ് വേദിയില്‍ മാര്‍ഗം കളി അരങ്ങേറിയത്.
മത്സരത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ കോഴ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെയാണ് കലോത്സവം നിര്‍ത്തുവച്ചുള്ള നടപടി. എന്നാല്‍ ജഡ്‌ജിങ് പാനലുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് കലോത്സവം നിര്‍ത്തിവയ്‌ക്കാന്‍ കാരണമെന്നാണ് സംഘാടകരുടെ വാദം. നിലവിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് കലോത്സവം പുനരാരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
വ്യാഴാഴ്‌ച (മാര്‍ച്ച് 7) നടന്ന തിരുവാതിര മത്സരത്തിന്‍റെ വിധി നിർണയത്തിനെതിരെ മത്സരാർഥികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാന വേദിയായ സെനറ്റ് ഹാളിൽ ചില മത്സരാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തു. സംഘാടകരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രതിഷേധമുയർത്തിയ മത്സരാർഥികൾ സമരം അവസാനിപ്പിച്ചത്.
മത്സരങ്ങൾ വൈകി നടത്തുന്നതിനെതിരെയും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. ഇന്നലെ വരെ 21 മത്സരയിനങ്ങളാണ് പൂർത്തിയായത്. പോയിന്‍റ് പട്ടികയിൽ 52 പോയിന്‍റുകളുമായി മാർ ഇവാനിയോസ് കോളജാണ് മുന്നിൽ. 46 പോയിന്‍റുമായി യൂണിവേഴ്‌സിറ്റി കോളജാണ് രണ്ടാം സ്ഥാനത്തുള്ളത്. ശ്രീ സ്വാതി തിരുനാൾ സംഗീത കോളജ് 32 പോയിന്‍റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. ഗവ.വിമൻസ് കോളജ് വഴുതക്കാട് 17, ഓൾ സെയിന്‍റസ് കോളജ് 12 എന്നിങ്ങനെയാണ് മറ്റ് പോയിന്‍റ് നില.