തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കടുപ്പിച്ച് ധനവകുപ്പ്. അനര്‍ഹമായി തട്ടിപ്പിലൂടെ തുക കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍ നിന്നും 18 ശതമാനം പിഴപ്പലിശയടക്കം തിരിച്ചു പിടിക്കണമെന്നാണ് ധനവകുപ്പിന്‍റെ ഉത്തരവ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലകാണ് തുക തിരിച്ചു പിടിക്കാന്‍ ഉത്തരവിറക്കിയത്. തട്ടിപ്പുകാര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നതിന് അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരണക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കായുള്ള കൈത്താങ്ങാണ് സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍. അര്‍ഹതപ്പെട്ടവരില്‍ ഇത് എത്തുന്നു എന്നുറപ്പിക്കുകയും അനര്‍ഹരുടെ കൈകളിലേക്ക് തുക എത്തുന്നത് തടയുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു.
സര്‍ക്കാര്‍ സര്‍വീസിലുള്ള ഭിന്നശേഷിക്കാരാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പട്ടികയില്‍ കൂടുതലുള്ളത് എന്നാണ് വിവരം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ 1458 പേരായിരുന്നു 1600 രൂപ എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ആവശ്യമില്ലെന്ന് എഴുതി കൊടുക്കാതെ ആനുകൂല്യം പറ്റിയവരും ഇതിലുള്ളതായാണ് കണ്ടെത്തല്‍. ധനവകുപ്പിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
തട്ടിപ്പില്‍ മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഒരു വര്‍ഷമാകുമ്പോള്‍ ഇത് രണ്ടേകാല്‍ കോടി രൂപയാകും.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്‌വെയറിലെ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്‌പാര്‍ക്ക് സോഫ്റ്റ്‌വെയറിലും കണ്ടെത്തിയതോടെയാണ് ധനവകുപ്പ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്.