എറണാംകുളം: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മറ്റൊരു ചരിത്ര മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേള പുനസംഘടിപ്പ്, നാലു വര്‍ഷം കൂടുമ്പോള്‍ ഒളിമ്പിക്‌സ് മാതൃകയില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന 45 ലക്ഷം വിദ്യാർഥികളില്‍ നിന്ന് 24000 പേര്‍ സ്‌കൂള്‍ ഒളിമ്പിക്‌സിൽ പങ്കെടുക്കും.
നവംബര്‍ നാലു മുതല്‍ പതിനൊന്ന് വരെയാണ് സ്പോർട്‌സ് മീറ്റ് നടക്കുക. ഒളിമ്പിക്‌സ് മോഡലിൽ ഉദ്ഘാടന സമാപന ചടങ്ങുകള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് ഒളിമ്പിക്‌സ് മോഡൽ മെഡലുകളാണ് നൽകുക. അണ്ണാറക്കണ്ണൻ 'തക്കുടു' ആണ് മേളയുടെ ഭാഗ്യചിഹ്നം.
ഗള്‍ഫിലെ കേരള സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് രൂപ കല്‍പന ചെയ്‌തിരിക്കുന്നത്. കൊച്ചിയാണ് ആദ്യ സ്‌കൂള്‍ ഒളിമ്പിക്‌സ് വേദി. കൊച്ചിയിലെ 19 വേദികളിലായി 39 കായിക ഇനങ്ങളിലായി 10,000 മത്സരങ്ങളാണ് നടത്തുക. 16 സ്‌റ്റേഡിയങ്ങളിൽ എട്ടു പകലും രാത്രിയുമായിരിക്കും മത്സരങ്ങൾ.
ഒളിമ്പിക് മോഡല്‍
ഒളിമ്പിക്‌സില്‍ ഉള്‍പെട്ടിട്ടുള്ള കായിക ഇനങ്ങളിലൊക്കെ കേരള സ്‌കൂള്‍ ഒളിമ്പിക്‌സിലും ഇത്തവണ മത്സരം നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി അത്ലറ്റിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ക്ക് പുറമേ, മറ്റ് ചില ഗെയിംസ് ഇനങ്ങള്‍ കൂടി ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സിനൊപ്പം നടത്തും. വിജയികൾക്ക് ഒളിമ്പിക്‌സ് മാതൃകയിലുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.
എന്തൊക്കെ ഇനങ്ങള്‍
നീന്തല്‍, ആര്‍ച്ചറി, ബേസ് ബോള്‍, ബോക്‌സിംങ്, സൈക്ലിങ്, ഫെന്‍സിങ്, ജിംനാസ്‌റ്റിക്‌സ്, ജൂഡോ, കരാട്ടേ, നെറ്റ്ബോള്‍, പവര്‍ ലിഫ്റ്റിങ്, റോളര്‍ സ്കേറ്റിങ്, സെപാക് ത്രോ, ഷൂട്ടിങ്, സോഫ്റ്റ് ബോള്‍, തായ്ക്വോണ്ടോ, ടെന്നിക്വോയിറ്റ്, ത്രോബോള്‍, കമ്പവലി, വാട്ടര്‍ പോളോ, വെയ്റ്റ് ലിഫ്റ്റിങ്, ഗുസ്‌തി, വുഷു, യോഗ എന്നീ ഇനങ്ങളിലും ഇത്തവണ മത്സരമുണ്ട്.
ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി, ഖൊ ഖൊ, ഹോക്കി, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാള്‍ ബാഡ്‌മിന്‍റണ്‍,ചെസ്, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ബാഡ്‌മിന്‍റണ്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മത്സരമുണ്ട്.
ചിട്ടയായ ആസൂത്രണം
പതിനായിരക്കണക്കിന് കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള സംഘാടനത്തിന് വലിയ ആസൂത്രണം ആവശ്യമുണ്ട്. സബ് ജില്ലാതലം മുതല്‍ മത്സര നടത്തിപ്പിന് കൃത്യമായ നിയമാവലി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ചുമതല വിദ്യാഭ്യാസ വകുപ്പ് വിവിധ തലങ്ങളില്‍ വീതിച്ചു നല്‍കി. റവന്യൂ ജില്ലകളില്‍ വിജയിച്ചു വരുന്ന താരങ്ങള്‍ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന് എന്‍റോള്‍ ചെയ്യുന്നതിനും കുറ്റമറ്റ സംവിധാനമുണ്ട്.
മിക്ക ഇനങ്ങളിലും അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമുണ്ട്. ഓരോ വിഭാഗത്തിനും കൃത്യമായ പ്രായ പരിധിയും നിര്‍ദേശിച്ചിട്ടുണ്ട്. സീനിയര്‍ (അണ്ടര്‍ 19 വിഭാഗം) താരങ്ങള്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരാകണം. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍ 17) മത്സരിക്കുന്നവര്‍ 2008 ജനുവരി ഒന്നിനു ശേഷം ജനിച്ചവരാകണം. സബ് ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍ 14) മത്സരിക്കുന്നവര്‍ 2011 ജനുവരി ഒന്നിനു ശേഷം ജനിച്ചവരാകണം. ഇതിനു പുറമേ കിഡ്‌ഡീസ്, എല്‍പി കിഡ്‌ഡീസ്, എല്‍പി മിനി വിഭാഗങ്ങള്‍ക്കും താഴേത്തലത്തില്‍ മത്സരങ്ങള്‍ നടത്താറുണ്ട്.
163 സബ്‌ജില്ലകളിൽ നിന്നായാണ് മത്സരാർത്ഥികള്‍ എത്തുന്നത്. ഓരോ ഇനങ്ങളിലും റവന്യൂ ജില്ലയില്‍ നിന്ന് പങ്കെടുപ്പിക്കാവുന്ന താരങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അത്ലറ്റിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അടക്കം 25 ഇനങ്ങളിലാണ് മത്സരം. ഇതില്‍ റിലേ ഇനങ്ങളിലൊഴികെ ഓരോ റവന്യൂ ജില്ലയില്‍ നിന്നും പങ്കെടുപ്പിക്കാവുന്നത് 3 പേരെ വീതമാണ്. നീന്തലിലെ 19 ഇനങ്ങളിലും ഏതാണ്ട് ഇതേ പോലെയാണ് ടീം ഘടന. റിലേകള്‍ക്ക് ഓരോ ജില്ലയ്ക്കും ആറു പേരെ വീതം അയക്കാം. ഷൂട്ടിങ്ങില്‍ 3 ഇനങ്ങളില്‍ ഓരോ ജില്ലയ്ക്കും 3 പേരെ വീതം അയക്കാം. ആര്‍ച്ചറിയില്‍ ആറ് ഇനങ്ങളില്‍ ഓരോ ജില്ലയ്ക്കും 4 പേരെ വീതം അയക്കാം. കമ്പവലിയില്‍ മത്സരിക്കാനിറങ്ങുക 8 പേരാണെങ്കിലും 9 പേരുടെ ടീമിനെ അനുവദിക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 8 അംഗ ടീമിന്‍റെ മൊത്തം ശരീര ഭാരം 560 കിലോയില്‍ കൂടരുതെന്ന് നിബന്ധനയുണ്ട്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത് 440 കിലോയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊച്ചിയിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍
അത്ലറ്റിക്‌സ് നീന്തല്‍ ഇനങ്ങളിലെ റവന്യൂ ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 10 നകം പൂര്‍ത്തീകരിക്കാനായിരുന്നു കര്‍ശന നിര്‍ദേശം. മറ്റ് ഗെയിംസ് ഇനങ്ങളിലും ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ ആദ്യ വാരം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സമയക്രമം പാലിച്ചു കൊണ്ട് സബ്‌ജില്ലാ, വിദ്യാഭ്യാസ ജില്ലാ, റവന്യൂ ജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സിന് വേദിയാകുന്ന കൊച്ചിയിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പല ഗെയിംസ് മത്സരങ്ങളും ഒരുമിച്ച് നടത്തുന്നതിന് തടസമായി. ഹോക്കി മത്സരങ്ങള്‍ കൊച്ചിയില്‍ നവംബര്‍ നാലു മുതല്‍ നടത്താനിരുന്നത് സാങ്കേതിക കാരണങ്ങളാല്‍ കൊല്ലത്തേക്ക് മാറ്റി.
കൊല്ലത്ത് ഒക്ടോബര്‍ 20 മുതല്‍ 24 വരെയാണ് അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ മത്സരങ്ങള്‍ നടക്കുക. പല സംസ്ഥാനതല മത്സരങ്ങളും പല ജില്ലകളില്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാസ്‌ക്കറ്റ് ബോള്‍, ഖൊ ഖൊ മത്സരങ്ങള്‍ തിരുവനന്തപുരത്തും സ്കേറ്റിങ് മത്സരങ്ങള്‍ പാലക്കാട്ടും നടക്കും. ഗുസ്‌തി, തായ്ക്വോണ്ടോ, ആര്‍ച്ചറി, ജിംനാസ്‌റ്റിക്‌സ്, യോഗാ മത്സരങ്ങള്‍ കണ്ണൂരിലും ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍, ബാഡ്‌മിന്‍റണ്‍, സെപക് ത്രോ, കബഡി, ജൂഡോ ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ തിരുവനന്തപുരത്തും പൂര്‍ത്തിയാക്കി.
ചാമ്പ്യന്മാര്‍ക്ക് മൂന്നുകിലോയുടെ സ്വര്‍ണ്ണക്കപ്പ്
നേരത്തേ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് നല്‍കുന്ന പതിവുണ്ടായിരുന്നു. ഇതേ മാതൃകയില്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാര്‍ക്കും സ്വര്‍ണക്കപ്പ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി തന്നെ നേരത്തേ അറിയിച്ചിരുന്നു. സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഈ വര്‍ഷം മുതല്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള മൂന്ന് കിലോ ഭാരം വരുന്ന സ്വര്‍ണക്കപ്പ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ 'എവര്‍ റോളിങ് ട്രോഫി' എന്ന നിലയില്‍ നല്‍കുന്ന സ്വര്‍ണക്കപ്പ് ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സിലെ ചാമ്പ്യന്മാര്‍ക്ക് ലഭിക്കില്ല എന്നാണ് സൂചന. സമയക്കുറവ് മൂലം സ്വര്‍ണക്കപ്പ് തയാറാക്കാന്‍ സാധിച്ചിട്ടില്ലെന്ന വിശദീകരണമാണ് വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ടവര്‍ നല്‍കുന്നത്.
മിന്നുന്ന ഉദ്ഘാടനച്ചടങ്ങ്
ഒളിമ്പിക്‌സിനെ അനുസ്‌മരിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സ്‌കൂൾ ഒളിമ്പിക്‌സ് ചരിത്രസംഭവമാകുമെന്നും വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. കലൂർ നെഹ്റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. "24000 കായിക പ്രതിഭകൾ അണ്ടർ 14, 17, 19 എന്നീ കാറ്റഗറിയിൽ 41 കായിക ഇനങ്ങളിൽ മത്സരിക്കും. പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്. എട്ടു ദിവസം പകലും രാത്രിയുമായി നടക്കുന്ന കായിക മാമാങ്കം ലോകത്തിലെതന്നെ ഏറ്റവും വലിയ മേളയായിരിക്കും. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്‌സ് മാതൃകയിൽ നടത്തും."
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി കായികോത്സവത്തിന്‍റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഇൻക്ലൂസീവ് സ്പോർട്‌സ് ഈ വർഷം ആരംഭിക്കും. കുട്ടികൾക്ക് താമസിക്കുന്നതിനായി അൻപതോളം സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. മേളയുടെ വിജയകരമായ നടത്തിപ്പിനായി രണ്ടായിരത്തോളം ഒഫിഷ്യലുകൾ, 500 സെലക്‌ടർമാർ, രണ്ടായിരത്തോളം വളണ്ടിയർമാർ അണി നിരക്കുന്ന കേരള സ്‌കൂൾ ഒളിമ്പിക്‌സ് സംസ്ഥാനത്തിന്‍റെ കായിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറ്റാനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
മേളയുടെ ഭാഗമായി സാംസ്‌കാരിക പരിപാടികൾ, കലാസന്ധ്യകൾ, സ്പോർട്‌സ് സെമിനാറുകൾ, സ്പോർട്‌സ് സ്‌റ്റാളുകൾ, കായിക ഉത്പന്നങ്ങളുടെ വിതരണം, പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച അനുഭവം സാധ്യമാക്കുന്നതിന് കൊച്ചി നഗരത്തിലെ സാംസ്‌കാരിക നിലയങ്ങൾ, പൈതൃകങ്ങൾ, മെട്രോ, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയിൽ സായാഹ്‌ന സഞ്ചാരം, സ്ട്രീറ്റ് ഫുഡ് തുടങ്ങിയ വൈവിധ്യങ്ങൾ ഒരുക്കും. വർണാഭമായ വിളംബര ഘോഷയാത്ര, കായിക പ്രതിഭകൾ സംഗമിക്കുന്ന മാർച്ച് പാസ്‌റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും സംഘടിപ്പിക്കും. കുട്ടികൾക്ക് മികച്ച ഭക്ഷണമാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. ഒരേ സമയം അയ്യായിരം പേരെ ഉൾക്കൊള്ളുന്ന ഭക്ഷണ പന്തൽ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.