കോഴിക്കോട് : 'വിയറ്റ്നാം കോളനി' സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം കൊടും ക്രിമിനലായ റാവുത്തറിനെ ഗത്യന്തരമില്ലാതെ കൊല്ലുന്ന രംഗമുണ്ട്. റാവുത്തരിന്‍റെ ശല്യം ഇല്ലാതാവുന്നതോടെ കോളനിക്കാരുടെ ഹീറോ ആയി മാറുകയാണ് മോഹന്‍ ലാല്‍. കൊടും ക്രിമിനല്‍ കാക്കത്തോപ്പ് ബാലാജിയെ ചെന്നൈയില്‍ തമിഴ്‌നാട് പൊലീസ് എന്‍കൗണ്ടറില്‍ കൊന്നതോടെ മോഹന്‍ലാലിന്‍റെ അതേ പരിവേഷം കൈവരികയാണ് തമിഴ്‌നാട് പൊലീസിന്. തമിഴ്‌നാട്ടിലല്ല ഇങ്ങ് കേരളത്തിലാണെന്ന് മാത്രം.
ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടൽ ഉൾപ്പെടെ 58-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കാക്കത്തോപ്പ് ബാലാജിയുടെ ഭീഷണി ഒഴിഞ്ഞതില്‍ ആശ്വസിക്കുന്നത് പേരാമ്പ്രക്കടുത്ത ഒരു നാടാണ്. തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പടുത്തിയ കുപ്രസിദ്ധ ഗുണ്ട നേതാവ് കാക്കത്തോപ്പ് ബാലാജി ഒളിവിൽ കഴിഞ്ഞത് കോഴിക്കോട് പേരാമ്പ്രയിൽ. വെള്ളിയൂർ വലിയ പറമ്പ് എന്ന ഗ്രാമപ്രദേശത്തിലെ ഒരു വീട്ടിൽ ബാലാജി കഴിഞ്ഞത് 27 ദിവസം. 2024 ജൂലൈ ഒന്ന് മുതൽ 27 വരെ.
കർക്കടക ഉഴിച്ചിലിന്‍റെ പേരിലാണ് പേരാമ്പ്രയിൽ എത്തിയത്. ഒടുവിൽ ബാലാജി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞ് ഞെട്ടിയ നാട്ടുകാർ ഒരു ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചു. 'കൊടും കുറ്റവാളിയായ കാക്കത്തോപ്പിൽ ബാലാജിയെ വെടിവച്ചു കൊന്ന തമിഴ്‌നാട് പൊലീസിന് അഭിവാദ്യങ്ങൾ, വലിയ പറമ്പിൽ യുവാക്കൾ'.
കഥ ഇങ്ങനെ...
വലിയപറമ്പ് സ്വദേശിയായ ഒരു ബസ് ഡ്രൈവറുമായുള്ള പരിചയത്തിലാണ് ബാലാജി കോഴിക്കോട്ട് എത്തുന്നത് എന്നാണ് നാട്ടിൽ സംസാരം. വോളിബോൾ ആരാധകനായ ഈ ഡ്രൈവർ തമിഴ്‌നാട്ടിൽ കളി കാണാൻ പോയിരുന്നു. അവിടെ നിന്ന് ബാലാജിയെ പരിചയപ്പെട്ടു. പിന്നീട് ഒരിക്കൽ പാലക്കാട് വെച്ച് കണ്ടു. അന്നാണ് ബാലാജി തനിക്ക് കാൽമുട്ടിന് വേദനയുണ്ടെന്നും ഉഴിച്ചിൽ വേണമെന്നും ആവശ്യപ്പെട്ടത്. അത് പ്രകാരമാണ് ബാലാജിക്ക് തന്‍റെ വീടിന്‍റെ തൊട്ടടുത്ത് ഡ്രൈവർ ഒരു വീട് വാടകക്ക് തരപ്പെടുത്തി കൊടുത്തത്.
നാട്ടുകാർക്ക് അപരിചതനായ വ്യക്തിയെ കുറിച്ച് പിന്നാലെ ചർച്ചയായി. ബാലാജി ആണ് പേര് എന്ന് ചിലർ തിരിച്ചറിഞ്ഞു. അപ്പോഴാണ് ഉഴിച്ചിൽ കഥ പ്രചരിച്ചത്. നാട്ടുകാരുടെ സംശയം അവിടെയും തീർന്നില്ല. അതിനിടെയാണ് കിലോക്കണക്കണക്കിന് കോഴിയിറച്ചിയുമായി വീട്ടിലേക്ക് പോകുന്ന ബാലാജിയെ കണ്ടത്. 'ഉഴിച്ചിൽ സമയത്ത് ചിക്കൻ കഴിക്കുമോ..? പച്ചക്കറിയല്ലേ വേണ്ടത്' നാട്ടുകാർക്കിടയിൽ ചർച്ചയായി. അത് ഒരു ചേരിതിരിവിലേക്ക് വരെ എത്തി. ബാലാജിയെ വലിയപറമ്പിൽ എത്തിച്ച ഡ്രൈവർക്കെതിരെയായിരുന്നു ആക്ഷേപം.
അങ്ങനെ ഉഴിച്ചിൽ കഴിഞ്ഞും ബാലാജി നാട്ടിൽ തുടരുമ്പോഴാണ് ഒരു ദിവസം, കൃത്യമായി പറഞ്ഞാൽ ജൂലൈ 27 ന് രാവിലെ 10.15 ന് ഒരു സംഘം ആളുകൾ ബാലാജി താമസിക്കുന്ന വീടിന്‍റെ തൊട്ട് മുകളിലുള്ള വീട്ടിൽ എത്തുന്നത്. അത് ഒരു പൊലീസുകാരൻ വാടകക്ക് താമസിക്കുന്ന വീടായിരുന്നു. അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു, വീട്ടിൽ ഭാര്യ മാത്രം. വന്ന സംഘത്തെ കണ്ട് ആ സ്ത്രീ ഗ്രിൽ അടച്ചു. ഇവിടെ ആരുമില്ലെന്ന് പറഞ്ഞു. വന്നവർ ഒടുവിൽ വീട് വളഞ്ഞു. അടുക്കള ഭാഗത്തു കൂടി ഒരാൾ അകത്ത് കടക്കാൻ ശ്രമിച്ചു. സ്ത്രീ ഉച്ചത്തിൽ കരഞ്ഞു. തൊട്ടടുത്ത പറമ്പിൽ വീടിന്‍റെ കോൺക്രീറ്റ് നടക്കുകയായിരുന്നു. കരച്ചിൽ കേട്ട് തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടി.
അതാ നിൽക്കുന്നു.. ലുങ്കിയും ബനിയനുമിട്ട കുറേ തടിമാടന്മാർ.. നോട്ടത്തിൽ എല്ലാം തമിഴൻമാർ. വളഞ്ഞിട്ട് അടിക്കാൻ നാട്ടുകാർ ഒരുങ്ങിയതോടെ ആ കൂട്ടത്തിൽ നിന്ന് ഒരു മലയാളി ശബ്‌ദം ഉയർന്നു. 'ഞങ്ങൾ തമിഴ്‌നാട് പൊലീസാണ്, ബാലാജിയെ തേടി എത്തിയതാണ്'. ഇതോടെ അന്തംവിട്ട നാട്ടുകാർ ബാലാജി താമസിക്കുന്ന തൊട്ട് താഴത്തെ വീട് ചൂണ്ടിക്കാണിച്ച് കൊടുത്തു. വന്ന കൂട്ടം അങ്ങോട്ട് എത്തുമ്പോഴേക്കും ബാലാജി സ്ഥലം വിട്ടിരുന്നു. ഒടുവിൽ കേട്ടത് കൊല്ലപ്പെട്ട വിവരം. ഇനി തിരിച്ച് വരില്ല എന്ന ധൈര്യത്തോടെ മരണാനന്തരം ബാലാജിക്കായി ഒരു ഫ്ലക്‌സ് ബോർഡ് ഉയർന്നു, ഇങ്ങ് പേരാമ്പ്രയിൽ.
ലോക്കേഷൻ തിരഞ്ഞ് വന്ന തമിഴ്‌നാട് പൊലീസിന് മുന്നിൽ ബാലാജി പെട്ടിരുന്നെങ്കിൽ അന്ന് തന്നെ കൊലപാതകം നടന്നേനെ എന്ന് അയൽവാസിയായ വത്സൻ മാസ്റ്റർ ഇടിവി ഭാരതിനോട് പറഞ്ഞു. 'അഞ്ച് പേരടങ്ങുന്ന പൊലീസ് സംഘം രണ്ടും കൽപ്പിച്ചാണ് വന്നത്, പക്ഷേ അവർ കയറിച്ചെന്നത് മുകളിലത്തെ വീട്ടിലായിപ്പോയി. അല്ലെങ്കിൽ ചിത്രം മാറിയേനേ'' നാട്ടുകാരനായ വത്സൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിനിടെ പേരാമ്പ്രയിൽ സ്ഥിര താമസമാക്കാൻ ബാലാജി ആസൂത്രണം നടത്തിയിരുന്നു. അതിന്‍റെ കഥ ഇങ്ങനെ...
പേരാമ്പ്രയിലേക്കുള്ള പോക്കുവരവിനിടയിൽ റോഡരികിൽ പലയിടങ്ങളിലും പ്ലാസ്റ്റിക്ക് സംഭരിച്ച് വെച്ചത് ബാലാജിയുടെ ശ്രദ്ധയിൽ പെട്ടു. അന്വേഷിച്ചപ്പോൾ ഹരിത കർമ്മസേനയുടേതാണെന്ന് മനസിലായി. ഈ പ്ലാസ്റ്റിക്ക് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കാൻ ബാലാജി പദ്ധതിയിട്ടു. സുഹൃത്തായ ഡ്രൈവറുടെ സഹായത്തോടെ പേരാമ്പ്ര മേഖലയിലെ എട്ട് പഞ്ചായത്തുകളിലും വടകര നഗരസഭയിലും അപേക്ഷ നൽകി. എല്ലായിടത്തും നൽകിയത് സുഹൃത്തിന്‍റെ ഫോൺ നമ്പർ. ബാലാജി പോയിട്ടും പഞ്ചായത്തുകളിൽ നിന്ന് ഡ്രൈവർ സുഹൃത്തിന് കോൾ നിരന്തരം വരുന്നുണ്ട്. പ്ലാസ്റ്റിക്ക് വേണ്ടേ എന്ന് ചോദിച്ച്.
ബാലാജി പോയിട്ടും കഥ തീരുന്നില്ല. സുഹൃത്തായ ഡ്രൈവർക്കെതിരെ ഇപ്പോഴും ഒരു സംഘം രംഗത്തുണ്ട്. നിഗൂഢതകൾ ഇനിയും പുറത്ത് വരാനുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. അതിന്‍റെ പേരിൽ നടന്ന സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. എന്നിരുന്നാലും കാക്കത്തോപ്പ് ബാലാജി വന്ന വഴി ഇനിയും ശാന്തമല്ല.
Also Read: വാഹനപരിശോധനയ്‌ക്കിടെ ആക്രമിച്ചു, രണ്ടുപേരെ വെടിവച്ചുകൊന്ന് തമിഴ്‌നാട് പൊലീസ്, എന്‍കൗണ്ടറിലെന്ന് വിശദീകരണം