തിരുവനന്തപുരം: സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ എൽഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പി പി സുനീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്ന ഇടതുമുന്നണി യോഗത്തിൽ കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും രാജ്യസഭ സീറ്റുകൾ വിട്ടു നൽകാൻ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തന്നെ വ്യക്തമാക്കിയതാണ്. ഇതിന് തൊട്ട് പിന്നാലെയാണ് പി പി സുനീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്.
ഇടതു മുന്നണിയിലെ പാർട്ടികൾ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിൽ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം സീറ്റ് വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച പി പി സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കൂടിയാണ്. രാജ്യസഭ സീറ്റിൽ വിട്ടു വീഴ്‌ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പിന്നീട് മുന്നണിയിലെ ഓരോ പാർട്ടികളുമായി സിപിഎം ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും ആരും വഴങ്ങാത്തതിനെ തുടർന്ന് ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഒടുവിൽ സിപിഎം തന്നെ സീറ്റ് വിട്ടു കൊടുക്കുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിൽ നിന്നd ജോസ് കെ മാണി രാജ്യസഭ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പുറത്തു വന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതു വരെ ഉണ്ടായിട്ടില്ല.
സ്ഥാനാർഥി പ്രഖ്യാപനത്തിനായി തിരുവനന്തപുരത്ത് മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിയായ പ്രശാന്തിൽ നിലവിൽ കേരള കോൺഗ്രസ് എം പാർലമെന്‍ററി പാർട്ടി യോഗം നടക്കുകയാണ്. അതേ സമയം രാജ്യസഭ സീറ്റ് വിഷയത്തിൽ അവസരം ലഭിക്കാത്തതിൽ ആർജെഡി കടുത്ത അമർഷത്തിലാണ്.
Also Read: സിപിഎം അയഞ്ഞു; രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കി