തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ച (30-07-2024) അവധി. തൃശൂർ, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമായിരിക്കും.
കോഴിക്കോട് ജില്ലയിലെ, കൊടിയത്തൂർ, കാരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, പുതുപ്പാടി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം, അധ്യാപകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകണം. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിലും മാറ്റമില്ല.
Also Read : ജലനിരപ്പ് ഉയർന്നു: ബാണാസുര സാഗറിന്‍റെ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത നിർദേശം - BANASURA SAGAR DAM OPENS