കോഴിക്കോട്: കേരളത്തിലെ ഭരണ മുന്നണിയേയും സിപിഎമ്മിനേയും ഞെട്ടിച്ച് വലിയ 'ബോംബ്' പൊട്ടിച്ച പിവി അൻവർ എംഎൽഎയുടെ ഭാവിയെന്ത്. മുഖ്യമന്ത്രി പിണറായി വിജയനും കൈയൊഴിഞ്ഞതോടെ അൻവറിന്‍റെ നീക്കമാണ് ശ്രദ്ധേയം. പിണറായി വിജയൻ ഒരാളെ 'കൊട്ടി'യാൽ പിന്നാലെ പലരും കൊട്ടുന്ന ഒരു രീതി സിപിഎമ്മിലുണ്ട്.
അതിൽ രാഷ്ട്രീയ ചേരിതിരിവും പലരും ആയുധമാക്കും. അൻവറിന് സിപിഎമ്മിൽ നിന്ന് കിട്ടിയ പിന്തുണ കണ്ണൂർ കേന്ദ്രീകരിച്ചെന്നാണ് നാട്ടിൽപാട്ട്. അപ്പോൾ ആ നേതാവിന്‍റേയും അനുയായികളുടെ എതിർ ചേരികൾ അൻവറിന്‍റെയും എതിരാളികളായി മാറുന്നത് സ്വാഭാവികം.
![PV ANVAR ALLEGATIONS PV ANVAR PINARAYI VIJAYAN PV ANVAR MLA CPM ISSUE പിവി അൻവര്‍](https://etvbharatimages.akamaized.net/etvbharat/prod-images/23-09-2024/22517725_pvanvarfbcover.png)
ഇതെല്ലാം താങ്ങാൻ അൻവറിന് കഴിഞ്ഞാലും ഇല്ലെങ്കിലും മറുപടി വന്നു കൊണ്ടേയിരിക്കും. അത് അതിര് കടക്കുമ്പോൾ പാർട്ടിയുമായുള്ള ബന്ധത്തിന്‍റെ ചരട് മുറിക്കും. ചില സിപിഎം നേതാക്കളുടെ വാക്ക് കടമെടുത്താൽ മുന്നണിയിൽ നിന്ന് എടുത്ത് പുറത്ത് കളയും.
സിപിഐയെ അടിക്കാൻ കണ്ടെത്തിയ ആയുധം: 2011ലാണ് കോൺഗ്രസുകാരനായ അൻവർ ഇടതുമുന്നണിയിലേക്ക് പാലം വെട്ടിയത്. ഏറനാട് മണ്ഡലത്തിൽ സിപിഐയെ 'അടി'ക്കാൻ കണ്ടെത്തിയ ആയുധമായിരുന്നു അൻവർ. 2011 ൽ ഏറനാട് മണ്ഡലത്തിൽ സിപിഐക്ക് സ്വന്തം സ്ഥാനാർഥി ഉണ്ടായിട്ടും സിപിഎം പിന്തുണ രഹസ്യമായി ഉറപ്പുവരുത്തി പി വി അൻവർ സ്ഥാനാർഥിയായി.
![PV ANVAR ALLEGATIONS PV ANVAR PINARAYI VIJAYAN PV ANVAR MLA CPM ISSUE പിവി അൻവര്‍](https://etvbharatimages.akamaized.net/etvbharat/prod-images/23-09-2024/22517725_anvarmla.png)
പികെ ബഷീറിനോട് 11,246 വോട്ടിന് തോറ്റെങ്കിലും പോരാട്ട വീര്യം ചോർന്നില്ല. എ വിജയരാഘവൻ, വഴി പിണറായി വിജയനുമായും സൗഹൃദം സ്ഥാപിച്ച പി വി അൻവറിന്‍റെ ലക്ഷ്യം നിലമ്പൂർ ആയിരുന്നു. കടിഞ്ഞാണില്ലാത്ത കുതിരയായി ആര്യാടൻ മുഹമ്മദ് എന്ന കോൺഗ്രസ് നേതാവ് നിലമ്പൂരിൽ ജൈത്രയാത്ര തുടർന്നപ്പോൾ അൻവറിനെ രംഗത്തിറക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാർട്ടിയിലെ പ്രാദേശിക നേതാക്കളെ വെട്ടി നിരത്തിയാണ് സിപിഎം അൻവറിന് വഴി തെളിയിച്ചത്. ആര്യാടൻ ഷൗക്കത്തിനേയും വി വി പ്രകാശിനേയും തോല്‍പിച്ച് അൻവർ രണ്ട് തവണ യുഡിഎഫ് കോട്ട തകർത്തു. വീണ്ടും സീറ്റ് ഉറപ്പാക്കി നീങ്ങുമ്പോഴാണ് പിണറായി ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ അൻവർ 'ബോംബ്' പൊട്ടിച്ചത്. എന്നാൽ പൊട്ടിയതെല്ലാം ആവിയാകുകയും പൊട്ടിച്ചവന്‍റെ കുറ്റി തകരുകയും ചെയ്‌ത കാഴ്‌ചയാണ് കണ്ടത്.
![PV ANVAR ALLEGATIONS PV ANVAR PINARAYI VIJAYAN PV ANVAR MLA CPM ISSUE പിവി അൻവര്‍](https://etvbharatimages.akamaized.net/etvbharat/prod-images/23-09-2024/22517725_pvanvarmla.png)
മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് താക്കീതോ..?: കണ്ണൂർ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുമായി സൗഹൃദം സ്ഥാപിച്ച അൻവർ അവരുടെ കൂടി പിൻബലത്തിലാണ് പോരിന് ഇറങ്ങിയതെന്ന് പിണറായി വിജയൻ മനസിലാക്കി കഴിഞ്ഞു. മുഖ്യമന്ത്രി അൻവറിന് നല്‍കിയ ഒടുവിലത്തെ മുന്നറിയിപ്പ് ആ പിന്തുണ നൽകിയവർക്ക് കൂടിയുള്ള താക്കീതാണ്. പിണറായി വിജയനെതിരെ യുദ്ധം ചെയ്യാൻ നിലവിൽ സിപിഎമ്മിൽ ആരും പരസ്യമായി ഇറങ്ങില്ല.
അവിടെയാണ് അൻവറിനെ 'ശകുനി'യാക്കിയത്. ഇനി അൻവർ പറഞ്ഞതിൽ തെളിവുകളോട് കൂട്ടിയുള്ള വസ്‌തുതകൾ ഉണ്ടെങ്കിലും അമ്പ് തനിക്ക് നേരെയാണെന്ന് കരുതി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി എല്ലാം ഒതുക്കും എന്നാണ് പ്രതിപക്ഷം വിളിച്ചു പറയുന്നത്.
![PV ANVAR ALLEGATIONS PV ANVAR PINARAYI VIJAYAN PV ANVAR MLA CPM ISSUE പിവി അൻവര്‍](https://etvbharatimages.akamaized.net/etvbharat/prod-images/23-09-2024/22517725_pv-anvar.png)
ബാലികേറ മലയായ ചില സീറ്റുകൾ പിടിക്കാൻ പാർട്ടി അണികളെ പോലും ചെവിക്കൊള്ളാതെ സ്ഥാനാർഥികളെ കെട്ടിയിറക്കുന്ന സിപിഎം തന്ത്രത്തിനേറ്റ തിരിച്ചടി കൂടിയാണിത്. പി വി അൻവറിന്‍റെ പശ്ചാത്തലം കോൺഗ്രസിന്‍റേതാണെന്ന് തള്ളി പറയേണ്ട അവസ്ഥ വന്നപ്പോഴെങ്കിലും സിപിഎം പഠിക്കുമോ എന്നാണ് അണികൾ ചോദിക്കുന്നത്.
ജനത്തിനൊപ്പം അൻവര്‍: മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവർചിത്രം പോലും മാറ്റിയിരിക്കുകയാണ് പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോ കവർ ചിത്രമാക്കി. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്.
പരസ്യ പ്രസ്‌താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു.
തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും അൻവർ പറഞ്ഞു. എന്നാൽ, എത്രകാലം അൻവർ മിണ്ടാതിരിക്കും..?
അൻവറിന്‍റെ രാഷ്ട്രീയ ഭാവിയെന്ത്...?: നിലമ്പൂരിൽ ഒരു തവണ കൂടി അൻവറിനെ സിപിഎം പരിഗണിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞു. എന്നാൽ, നിലമ്പൂരിൽ തന്നെ ഇറങ്ങാനുള്ള നീക്കങ്ങളുടെ ഭാഗമാണ് കവർ ചിത്രം മാറ്റിയതിലൂടെ അടക്കം അൻവർ നൽകുന്ന സൂചന. നിലവിൽ ലക്ഷ്യമിടുന്നത് ലീഗിലേക്ക് ഒരു ഏണിയാണ്.
![PV ANVAR ALLEGATIONS PV ANVAR PINARAYI VIJAYAN PV ANVAR MLA CPM ISSUE പിവി അൻവര്‍](https://etvbharatimages.akamaized.net/etvbharat/prod-images/23-09-2024/22517725_anavarpv.png)
എന്നാൽ, കോൺഗ്രസ് അതിനെ പല്ലും നഖവും ചേർത്ത് എതിർക്കും. കാരണം നിലമ്പൂർ കോൺഗ്രസിന്‍റെ സീറ്റാണ്. അത് വിട്ടുകൊടുക്കാൻ അവർ തയ്യാറാവില്ല. അനുരഞ്ജനത്തിന്‍റെ വഴി പക്ഷേ ലീഗ് പയറ്റി നോക്കും. കിട്ടിയാൽ മലപ്പുറത്ത് ഒരു സീറ്റ് കൂടി എന്ന മോഹത്തോടെ. എന്നാൽ, ആ വഴി ഫലവത്താവാൻ സാധ്യത വളരെ വിരളമാണ്.
ഒടുവിൽ സ്വതന്ത്ര പരിവേഷത്തിലായിരിക്കുമോ അൻവറിന്‍റെ പോരാട്ടം..? സിപിഎം അംഗമല്ലാത്തതുകൊണ്ട് അച്ചടക്കവാൾ വീശി നേതാക്കൾക്ക് അൻവറിനെ വിരട്ടനാകുന്നില്ല. അൻവറിനെ പിടിച്ചു കെട്ടാൻ സിപിഎം എന്ത് ആയുധം പ്രയോഗിക്കും എന്നാണ് അണികളും ഉറ്റുനോക്കുന്നത്.