തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിന് ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഇപ്പോൾ കേരള പൊലീസ് നൽകുന്നത്. നിങ്ങൾ ഒഴികെ ബാക്കി തട്ടിപ്പുകാർ മാത്രം ഉൾപ്പെട്ട ടെലിഗ്രാം ഗ്രൂപ്പിൽ വൻ തുക ലഭിച്ച സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചാണ് തട്ടിപ്പിന്‍റെ തുടക്കം. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഈ ഗ്രൂപ്പുകളിലേക്ക് ഇരകളെ ആകർഷിപ്പിക്കുന്നത്.
തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് വഴി നിക്ഷേപം നടത്താൻ തട്ടിപ്പ് സംഘം ആവശ്യപ്പെടും. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും അമിത ലാഭം നൽകിയാണ് തട്ടിപ്പുകാർ ഇരകളുടെ വിശ്വാസ്യത നേടിയെടുക്കുക. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്ന് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ തിരിച്ചറിയു. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്‌ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നുവെന്നും, അടുത്തിടെ നിരവധി കേസുകളിൽ ഇതേ രീതിയിൽ തട്ടിപ്പ് സജീവമാകുന്നതായും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
സുവർണ മണിക്കൂർ നിർണായകം : ഓൺലൈൻ തട്ടിപ്പുകളിൽ സൈബർ പൊലീസിനെ ഏറെ സഹായിക്കുന്നത് പരാതി നൽകുന്ന സമയമാണ്. തട്ടിപ്പ് നടന്ന് കഴിഞ്ഞതിന് ശേഷമുള്ള ഒരു മണിക്കൂർ സമയമാണ് പോലീസ് സുവർണ മണിക്കൂർ അഥവാ ഫോൾഡർ ഹവർ (Golden Hour) എന്ന് വിശേഷിപ്പിക്കുന്നത്. ആദ്യ ഒരു മണിക്കൂറിനുള്ളിൽ ശ്രമം ആരംഭിച്ചാൽ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ തുക ഒരുപക്ഷേ വീണ്ടെടുക്കാനാകും. എന്നാൽ തട്ടിപ്പിന് ഇരയായവർ പലപ്പോഴും ഇതിന് ശേഷമാകും പരാതിയുമായി പൊലീസിനെ സമീപിക്കുക.
താൻ കബളിപ്പിക്കപ്പെട്ടതായി ഇരകൾ വൈകി മനസിലാകുന്ന തരത്തിലുള്ള സംവിധാനം തട്ടിപ്പുകാരും സ്വീകരിച്ച് വരുന്നുണ്ടെന്നാണ് അടുത്തിടെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ വ്യക്തമാക്കുന്നത്. മണിക്കൂറുകൾക്ക് ശേഷം സൈബർ പോലീസിനെ സമീപിക്കുന്ന പരാതിക്കാർക്ക് തുക നഷ്‌ടപ്പെടുന്നത് പതിവാണ്. വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിന് കാരണമെന്ന് പൊലീസ് പറയുന്നു.
സൈബർ തട്ടിപ്പിന് നിങ്ങൾ ഇരയായാൽ 1920 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ രജിസ്‌റ്റർ ചെയ്യാവുന്നതാണ്.