തിരുവനന്തപുരം: അടിയന്തിരാവസ്ഥ കാലത്ത് പദവിയിലിരിക്കെ കേരള നിയമസഭയിലെ നിരവധി എംഎല്‍എമാര്‍ അറസറ്റിലായിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ ആയിരിക്കേയാണ് 1975-ല്‍ പൊലീസ് കസ്റ്റഡിയിലാകുന്നത്. അന്ന് പിണറായി വിജയന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലാകുന്ന കേരളത്തിലെ രണ്ടാമത്തെ സിറ്റിങ് എംഎല്‍എ ആണ് മുകേഷ്. 2017-ല്‍ കോവളം എംഎല്‍എ ആയിരിക്കെ അറസ്റ്റിലായ എം വിന്‍സെന്‍റ് ആണ് ഒന്നാമന്‍. ബാലരാമപുരം സ്വദേശിനിയായ ഒരു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതിയിലാണ് എം വിന്‍സന്‍റ് അറസ്റ്റിലാകുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അറസ്റ്റിലായ വിന്‍സെന്‍റിനെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയും ദിവസങ്ങളോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തു. എന്നാല്‍ മുകേഷ് എംഎല്‍എയിലേക്ക് വരുമ്പോള്‍ അറസ്റ്റ് സാങ്കേതികം മാത്രമാണ്. മുകേഷിന് കേരള ഹൈക്കോടതിയുടെ മുന്‍കൂര്‍ജാമ്യം നിലനില്‍ക്കുന്നുണ്ട്.
ക്രമിനല്‍ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌ത കേരളത്തിലെ മറ്റ് എംഎല്‍എമാര്‍ ഇവരാണ്:
ടി വി രാജേഷ്: കല്യാശേരി എംഎല്‍എ ആയിരിക്കെ 2012 ആഗസ്റ്റിലാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് അറസ്‌റ്റിലാകുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കെലപാതക കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനൊപ്പമാണ് രാജേഷും അറസ്റ്റിലാകുന്നത്. കൊലപാതക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
2012 ഫെബ്രുവരി 20 ന് കണ്ണൂര്‍ കണ്ണപുരത്ത് വെച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. പട്ടുവത്ത് സിപിഎം - ലീഗ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് അവിടം സന്ദര്‍ശിച്ച ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടു എന്നാരോപിച്ച്, ഇരുവരുടെയും നിര്‍ദേശ പ്രകാരം ഷുക്കൂറിനെ ആള്‍ക്കൂട്ട വിചാരണ നടത്തി സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്നാണ് കേസ്.
വി കെ ഇബ്രാഹിം കുഞ്ഞ്: കളമശേരി എംഎല്‍എ ആയിരിക്കേ 2020 നവംബര്‍ മാസത്തിലാണ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാകുന്നത്.
2011-16 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇബ്രാഹിം കുഞ്ഞിനൊപ്പം പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെയും അറസ്‌റ്റ് ചെയ്‌തിരുന്നു.
മാത്യു കുഴല്‍നാടന്‍: കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതംമംഗലം ടൗണില്‍ പ്രതിഷേധിച്ചതിന്‍റെ പേരിലാണ് 2024 മാര്‍ച്ചില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെയും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തതെങ്കിലും മജിസ്‌ട്രേറ്റ് ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു.
എം സി കമറുദ്ദീന്‍: മഞ്ചേശ്വരം എംഎല്‍എ ആയിരിക്കെ 2020 നവംബറിലാണ് എംസി കമറുദ്ദീന്‍ അറസ്റ്റിലാകുന്നത്. കമറുദ്ദീന് ബിസിനസ് പങ്കാളിത്തമുള്ള ജ്വല്ലറിയിലൂടെ ആഭരണങ്ങള്‍ക്ക് മുന്‍കൂര്‍ പണം സ്വീകരിച്ച് 100-ല്‍ അധികം പേരെ പറ്റിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.
ശോഭന ജോര്‍ജ്: ചെങ്ങന്നൂര്‍ എംഎല്‍എ ആയിരിക്കേ 2002 ഒക്‌ടോബറില്‍ വ്യാജരേഖ കേസില്‍ അറസ്റ്റിലായി. 2001-ല്‍ അധികാരത്തില്‍ വന്ന എ കെ ആന്‍റണി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന കെ വി തോമസിന് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന് കാട്ടുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് രേഖ വ്യാജമായി നിര്‍മ്മിച്ചു മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
എം വി രാജഗോപാലന്‍ നായര്‍: 1980 തലശേരി എംഎല്‍എ ആയിരിക്കേയാണ് എംവി രാജഗോപാലന്‍ നായര്‍ അറസ്‌റ്റിലാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കുന്നോത്തുപറമ്പ് രവീന്ദ്രന്‍ എന്നയാളുടെ കൊലപാതകത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചത്.
അങ്കമാലി എംഎല്‍എ ആയിരിക്കെ ജനതാദള്‍ നേതാവ് ജോസ് തെറ്റയിലിനെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നെങ്കിലും ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കി.
അതേസമയം കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവ് പിടി ചാക്കോ ലൈംഗികാരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനമൊഴിഞ്ഞിരിന്നു. എകെ ശശീന്ദ്രന്‍, എ നീലലോഹിതദാസന്‍ നായര്‍, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കും പീഡന പരാതികളില്‍ മന്ത്രി സ്ഥാനമൊഴിയേണ്ടി വന്നിട്ടുണ്ട്.
Also Read: ലൈംഗികാതിക്രമ കേസില്‍ മുകേഷ് അറസ്‌റ്റില്‍; ജാമ്യത്തില്‍ വിട്ടു