തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതിനിരക്ക് കൂടും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും നിരക്ക് പുതുക്കിയുള്ള ഉത്തരവ് ഇറക്കുക. സാധാരണ നിലയില്‍ റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ തീരുമാനമെടുക്കുക. ഇതാദ്യമായാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. എല്ലാത്തവണയും സര്‍ക്കാരുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച ഉണ്ടാകാറുണ്ട്. സര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കാറുമുണ്ട്. അത് തന്നെയാണ് ഇത്തവണയും നടന്നതെന്നാണ് വിശദീകരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റെഗുലേറ്ററി കമ്മീഷനെ സംബന്ധിച്ച് സര്‍ക്കാരിന്‍റെ അനുമതി വാങ്ങണമെന്നില്ല. പക്ഷേ അതൊരു കീഴ്‌വഴക്കത്തിന്‍റെ ഭാഗമാണ്. ഇന്നുതന്നെ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നാളെ വൈകിട്ടോടെ പുതിയ നിരക്ക് വര്‍ദ്ധന സംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് യൂണിറ്റ് നിരക്കില്‍ 4.45 ശതമാനം വര്‍ധന വേണമെന്നാണ്. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാകും വര്‍ദ്ധന.
ജനങ്ങള്‍ക്ക് വലിയ ഭാരമില്ലാതെയുള്ള വര്‍ദ്ധനയാകുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. യൂണിറ്റിന് പത്ത് പൈസയ്ക്കും ഇരുപത് പൈസയ്ക്കുമിടയിലുള്ള വര്‍ദ്ധനയാണ് ഉണ്ടാകുക. മുപ്പത് പൈസയുടെ വര്‍ദ്ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്കില്‍ വര്‍ദ്ധനയുണ്ടാകുന്നത്. വേനല്‍ക്കാലത്ത് പ്രത്യേക നിരക്കുമുണ്ടാകുമെന്നാണ് സൂചന. യൂണിറ്റിന് പത്ത് പൈസ വര്‍ദ്ധന വേണമെന്നാണ് ആവശ്യം. ഇത് റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.
നടപടി ക്രമങ്ങള്‍ ഇങ്ങിനെ
ഓരോ വര്‍ഷവും സംസ്ഥാന ഇലക്‌ട്രിസിറ്റി ബോര്‍ഡുകള്‍ അവരുടെ വരുമാനവും ചെലവും സംബന്ധിച്ച റിപ്പോര്‍ട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കണം. കൂട്ടത്തില്‍ ബോര്‍ഡിന്‍റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിരക്കില്‍ വരുത്തേണ്ട മാറ്റവും ആവശ്യപ്പെടാം. ബോര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നും ജീവനക്കാരുടെ മറ്റ് സംഘടനകളില്‍ നിന്നും തെളിവെടുപ്പ് നടത്തി നിരക്ക് വര്‍ധനക്കുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
നിലവിലെ നിരക്ക്
ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കിപ്പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.
151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനവും വന്നിരുന്നു.
രണ്ടു മാസത്തിനിടെ 240 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 85 പൈസ സർക്കാർ സബ്‌സിഡി ഉണ്ടായിരുന്നു. ഇതാണ് നവംബറിൽ റഗുലേറ്ററി കമ്മിഷൻ ഒഴിവാക്കി ഉത്തരവിട്ടത്. ഓരോരുത്തർക്കും ഉപഭോഗമനുസരിച്ചു വൈദ്യുതി ചാർജ് വർധിക്കും.