കൊല്ലം: കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതികൾക്കെതിരായ അന്വേഷണം കേന്ദ്രസർക്കാർ തുടരുകതന്നെ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍ഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊല്ലം കേരളപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനാണ് പ്രതിരോധമന്ത്രി കൊല്ലത്തെത്തിയത്. കൊട്ടാരക്കരയിൽ ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത ശേഷമാണ് അദ്ദേഹം കേരളപുരത്ത് കൃഷ്‌ണകുമാറിന്‍റെ റാലിയിൽ എത്തിയത്.
കൊട്ടാരക്കരയിൽ കേന്ദ്രത്തിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രതിരോധമന്ത്രി കേരളപുരത്ത് കേരള സർക്കാരിനെതിരായ വിമർശനങ്ങളാണ് പ്രസംഗത്തില്‍ ഉൾപ്പെടുത്തിയത്. കേരളത്തോട് ഒരു വേർതിരിവും കേന്ദ്രം കാണിച്ചിട്ടില്ല. എന്നിട്ടും കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ പോയ സംസ്ഥാന സർക്കാരിനെ കോടതി അടിച്ചോടിച്ചുവെന്നും രാജ് നാഥ് സിങ് കൊല്ലത്ത് പറഞ്ഞു.
കേരളത്തിൽ എന്‍ഡിഎയുടെ വിജയം രണ്ടക്കം കടക്കുമെന്നും, ഇഡിയുടെ പരിശോധനയിൽ 90 കോടിയാണ് കേരളത്തിലെ സഹകരണ മേഖലയിൽ നിന്ന് പിടിച്ചെടുത്തതെന്നും, സഹകരണ രംഗത്തെ ഇത്തരം അഴിമതികൾക്കെതിരായ അന്വേഷണം തുടരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കേരളത്തോട് ഒരു വേർതിരിവും കേന്ദ്രം കാണിച്ചിട്ടില്ല. കേരളത്തിന്‍റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം സംസ്ഥാനസർക്കാർ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ തമ്മിൽതല്ലുന്ന കോൺഗ്രസും കമ്മ്യൂണിസ്‌റ്റും കേന്ദ്രത്തിലെത്തുമ്പോൾ മോതിരം മാറി ബന്ധം ഉറപ്പിക്കുകയാണ്. ദേശദ്രോഹികൾക്കൊപ്പം നിൽക്കുന്ന നിലപാടുകളാണ് ഇവർ സ്വീകരിക്കുന്നതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.
ആർഎസ്‌പി ഇന്ന് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാത്രമായി മാറിയിരിക്കുകയാണന്ന് പരിപാടിയില്‍ സംസാരിച്ച സ്ഥാനാർഥി കൃഷ്‌ണകുമാർ പറഞ്ഞു. കുടുംബ സമേതമാണ് കൃഷ്‌ണകുമാർ പരിപാടിയിൽ പങ്കെടുത്തത്. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ അടക്കമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ALSO READ: കൊല്ലത്ത് പ്രചാരണത്തിനായി കൃഷ്‌ണകുമാറിന്‍റെ കുടുംബവും; അച്‌ഛന്‍ കൂളാണെന്ന് ദിയ കൃഷ്‌ണ