കോഴിക്കോട്: സംസ്ഥാനം ജനവിധി തേടി പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ കന്നിവോട്ട് മൂക്ക് കൊണ്ട് രേഖപ്പെടുത്തി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചിരിക്കുകയാണ് ആസിം വെളിമണ്ണ. കാലിലെ തള്ള വിരലിൽ മഷി പുരട്ടിയാണ് 90% ശാരീരിക വൈകല്യമുള്ള ആസിം വോട്ട് രേഖപ്പെടുത്തിയത്. വെളിമണ്ണ ഗവൺമെന്‍റ് യുപി സ്‌കൂളിലെ 43-ാം ബൂത്തിലാണ് ആസിം വോട്ട് ചെയ്‌തത്.
കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിമിന് ജന്മന ഇരു കൈകളുമില്ല. കൂടാതെ വലതുകാലിന് ബലക്ഷയവുമുണ്ട്. ശാരീരിക പരിമിതികൾ ഏറെയുള്ള ആസിമിന് വീൽചെയറിലേ സഞ്ചരിക്കാനാകൂ. താടിയെല്ല് വളഞ്ഞ ആസിമിന് പല്ലുകൾ, വായ, കേൾവി എന്നിവയ്ക്കും പ്രശ്‌നങ്ങളുണ്ട്.
എങ്കിലും തന്‍റെ പരിമിതികളെ മറികടന്ന് മുന്നോട്ട് പോയ ബാല്യവും കൗമാരവുമാണ് ആസിമിനുള്ളത്. ഇപ്പോൾ 18 തികഞ്ഞപ്പോൾ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് ആസിം. ശാരീരിക പരിമിതികൾക്കിടയിലും പോളിങ് സ്‌റ്റേഷനിലെത്തി മൂക്ക് കൊണ്ട് ഇവിഎം ബട്ടൺ അമർത്തി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ച ആസിം നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.
തന്‍റെ ശരീരിക പരിമിതികളെ ആത്മധൈര്യം കൊണ്ട് കീഴടക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയ ആസിം ഇന്‍റർനാഷണൽ ചിൽഡ്രൻസ് പീസ് അവാർഡ് ഫൈനലിസ്‌റ്റ് കൂടിയാണ്. പാര സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട് അദ്ദേഹം. ഉജ്ജ്വല ബാല്യം അവാർഡ്, ചൈൽഡ് അച്ചീവർ അവാർഡ് തുടങ്ങി നിരവധി നേട്ടങ്ങൾ ആസിമിനെ തേടിയെത്തിയിട്ടുണ്ട്.
താൻ പഠിച്ച വെളിമണ്ണ യുപി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്നതിനും ആസിം നേതൃത്വം നൽകിയിട്ടുണ്ട്. സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആസിം സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്‌തിരുന്നു. എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഈ പതിനെട്ടുകാരൻ.
Also Read: കേരളം വിധിയെഴുതുന്നു ; ജനഹിതം തേടി 194 സ്ഥാനാര്‍ഥികള്‍