കാസർകോട്: സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വിരലിൽ എണ്ണാവുന്നതുമാത്രം. ഉള്ളതെല്ലാം കന്നഡയിലാണ്. ചുമരെഴുത്തുകളുടെ കാര്യവും അങ്ങനെത്തന്നെ. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും ചർച്ചകളും സജീവമാക്കുമ്പോഴും ഇതിൽ നിന്നും വ്യത്യസ്‌തമാണ് കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇവിടെ വലിയ തെരഞ്ഞെടുപ്പ് ബഹളങ്ങൾ ഒന്നുമില്ല.
ആനക്കല്ല്, ബാക്രബൈൽ, വൊർക്കാടി തുടങ്ങിയ കാസർകോടിന്‍റെ അതിർത്തി ഗ്രാമങ്ങൾ വയലും പുഴയും വ്യത്യസ്‌തമായ ആചാര - അനുഷ്‌ഠാനങ്ങൾ കൊണ്ടും ഏറെ മനോഹരമാണ്. തുളുവും കന്നഡയും പിന്നെ ഇവ രണ്ടും കലർന്ന മലയാളമാണ് സംസാര ഭാഷകൾ. പ്രചാരണം സജീവമല്ലെങ്കിലും വോട്ടുചെയ്യാൻ എല്ലാവരും രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ എത്തും.
കേരളത്തിലാണ് താമസിക്കുന്നത് എങ്കിലും കർണാടകയെ ആശ്രയിക്കുന്നവരാണ് അതിർത്തി പ്രദേശങ്ങളിലെ ഗ്രാമവാസികൾ. പച്ചക്കറി, പെട്രോൾ എന്നിവയ്‌ക്ക് കർണാടകയിൽ വില കുറവാണ്. ചികിത്സയ്‌ക്കും ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്.
രാഷ്‌ട്രീയം പറയുന്ന പൊതു സ്ഥലങ്ങളിൽ ഒന്ന് ചായക്കടകളാണല്ലോ. എന്നാൽ ഈ ഗ്രാമങ്ങളിലെ ചായക്കടകളിൽ രാഷ്‌ട്രീയമില്ല. മറ്റു സ്ഥലങ്ങളിൽ സ്ഥാനാർഥികളുടെ റോഡ് ഷോ അടക്കം പൊടി പൊടിക്കുമ്പോഴും അതിർത്തി ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം തണുപ്പൻ മട്ടിലാണ്.