തിരുവനന്തപുരം : കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം മധുരം വിളമ്പിയും ആർപ്പുവിളിച്ചും പ്ലസ് ടു വിജയം ആഘോഷിച്ച് വിദ്യാർഥികൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയ ശേഷം വൈകിട്ട് 4 മണി മുതലാണ് വെബ്‌സൈറ്റിൽ ഫലം ലഭ്യമായി തുടങ്ങിയത്. പരീക്ഷാഫലം അറിഞ്ഞതും വിദ്യാർഥികൾ സഹപാഠികളെ വാരിപ്പുണർന്ന് സന്തോഷം പ്രകടിപ്പിച്ചു.
വിദ്യാർഥികളുടെ ആഘോഷത്തിൽ പങ്കുചേരാൻ മന്ത്രി വി ശിവൻകുട്ടിയും ആന്‍റണി രാജു എംഎൽഎയും കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെത്തിയിരുന്നു. വിദ്യാർഥികൾ വിജയാഹ്ലാദവും തുടർപഠനത്തെക്കുറിച്ചും ഇടിവി ഭാരതുമായി പങ്കുവച്ചു. 387 വിദ്യാർഥികളാണ് ഇവിടെ പ്ലസ് ടു പരീക്ഷ എഴുതിയത്.
332 പേരും ജയിച്ചുവെന്ന് പ്രിൻസിപൽ ഇൻചാർജ് മോസസ് പറഞ്ഞു. 85.79 ആണ് സ്‌കൂളിന്‍റെ വിജയശതമാനം. 50ഓളം വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 78.69 ശതമാനമാണ് ഹയർ സെക്കൻഡറിയിലെ വിജയം. 2,94,888 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ആകെ 4,29,327 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയ ശതമാനം കുറവാണ്. പ്ലസ് ടു പരീക്ഷയില്‍ മുൻ വർഷം 82.95 ആയിരുന്നു വിജയ ശതമാനം. ഇതില്‍ നിന്നും 4.26 ശതമാനമാണ് ഇത്തവണ കുറവുണ്ടായിട്ടുള്ളത്.
വിഎച്ച്‌എസ് പരീക്ഷ ഫലത്തിലും സമാന സ്ഥിതിയാണുള്ളത്. 78.39 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. ഇത്തവണ 71.42 ശതമാനത്തിലെത്തിയതോടെ 6.97 ശതമാണ് കുറവുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് 63 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്.