തിരുവനന്തപുരം : ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ വിജയ ശതമാനത്തില്‍ 4.26 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ പ്ലസ്‌ടു വിജയ ശതമാനം 82.95 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 78.69 ശതമാനമായി കുറഞ്ഞു. വിജയ ശതമാനം കുറഞ്ഞെങ്കിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനയുണ്ടായി എന്നത് ശ്രദ്ധേയമാണ്.
ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ 5427 പേരുടെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 33,815 ആയിരുന്നെങ്കില്‍ ഇത്തവണ അത് 39,242 ആയി ഉയര്‍ന്നു. വിജയശതമാനം കുറഞ്ഞതില്‍ മറ്റ് കാര്യങ്ങളൊന്നുമില്ല എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി.
എല്ലാം തികച്ചും സ്വാഭാവികം. സയന്‍സ് വിഭാഗത്തില്‍ ഇത്തവണ വിജയശതമാനം 84.84 ആണ്. ഈ വിഭാഗത്തില്‍ പരീക്ഷ എഴുതിയവരില്‍ 1,60,696 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. ഹ്യുമാനിറ്റീസില്‍ 67.09 ആണ് വിജയ ശതമാനം. ഇവിടെ പരീക്ഷ എഴുതിയവരില്‍ 51,144 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ 76.11 ആണ് വിജയ ശതമാനം. 83,048 പേര്‍ ഈ വിഭാഗത്തില്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. കലാമണ്ഡലത്തില്‍ ആകെ പരീക്ഷ എഴുതിയ 60 പേരും വിജയിച്ച് 100 ശതമാനം വിജയത്തിലെത്തി. ഇവിടെ 4 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.
പ്രൈവറ്റായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌ത 16,941 പേരില്‍ 3011 പേര്‍ക്കു മാത്രമേ കടമ്പ കടക്കാനായുള്ളൂ. ഈ വിഭാഗത്തില്‍ 17.77 ശതമാനം മാത്രമാണ് വിജയിച്ചത്. 105 വിദ്യാര്‍ഥികള്‍ 1200 ല്‍ 1200 മാര്‍ക്കും നേടി. വിഎച്ച് എസ്‌സിയിലും വിജയ ശതമാനത്തില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 71.42 ശതമാനമായി കുറഞ്ഞു.
Also Read : പ്ലസ്‌ടുവില്‍ 78.69% വിജയം, വിഎച്ച്എസ്ഇയില്‍ 71.42 % ; പരീക്ഷാഫലങ്ങള്‍ പുറത്ത് - PLUS TWO EXAM RESULTS 2024