തിരുവനന്തപുരം: വഞ്ചിയൂരിൽ പൊതു ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയതിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. സ്വമേധയാ കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ബെഞ്ച് പറഞ്ഞു.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പാടില്ല എന്നാണ് 2023 ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാലിത് ലംഘിക്കപ്പെട്ടു എന്നും കോടതി കുറ്റപ്പെടുത്തി.
പരിപാടി എന്തായിരുന്നു, ആരൊക്കെ പങ്കെടുത്തു എന്ന് ചോദിച്ച ഡിവിഷൻ ബെഞ്ച്, പൊലീസ് സ്റ്റേഷന്‍റെയും കോടതിയുടെയും തൊട്ടടുത്തല്ലേ പരിപാടി നടന്നത് എന്നും വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയത്തിൽ കേസെടുത്തിട്ടുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയും സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫീസറോട് നേരിട്ട് രേഖകളുമായി ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു.
കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും അലംഭാവം കാണിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കോടതി സർക്കുലറുകളെല്ലാം കോൾഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദിച്ചു.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് തിരുവനന്തപുരം വഞ്ചിയൂരിൽ പൊതു ഗതാഗതം തടസപ്പെടുത്തി സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയത്. കോടതിയലക്ഷ്യ നടപടി അനിവാര്യമാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.