എറണാകുളം : മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന റിപ്പോർട്ട് നൽകാൻ നിരീക്ഷക കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം. കയ്യേറ്റം ഒഴിപ്പിക്കലിൽ ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് നിരീക്ഷക സമിതി അടുത്ത ചൊവ്വാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, എം എ അബ്‌ദുൾ ഹക്കീം എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെ നിർദേശം.
കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, കോടതി നിർദേശ പ്രകാരം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനായി ഹാജരായി. ചിന്നക്കനാലിലും, ബൈസൻ വാലിയിലും ശാന്തൻപാറയിലും ഡിജിറ്റൽ സർവേ നടത്തി. ബാക്കിയുള്ള സ്ഥലങ്ങളിലെ സർവേ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ അറിയിച്ചു.
എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ താഴേക്കിടയിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന് കോടതി വിമർശിച്ചു. തുടർന്നാണ് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും, ഭൂരേഖകളുടെ പരിശോധന നടക്കാത്തതിലടക്കം ഉന്നതരുടെ ഇടപെടലുണ്ടെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. സിബിഐ അന്വേഷണം വേണമോ എന്നതടക്കം പരിശോധിക്കുമെന്നും ഡിവിഷൻ ബഞ്ച് ഓർമ്മിപ്പിച്ചിരുന്നു. മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ചൊവ്വാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Also Read : മൂന്നാറിലെ കൈയ്യേറ്റത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം - HIGH COURT CRITICISM