എറണാകുളം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വ രഹിതമായ ആക്രമണമാണ് നിരവധി കുട്ടികൾക്ക് മുന്നിൽ സിദ്ധാർത്ഥൻ നേരിടേണ്ടി വന്നതെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുൻ വിസി എംആർ ശശീന്ദ്ര നാഥിന്‍റെ സസ്പെൻഷൻ നടപടി ശരിവെച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സസ്പെൻഷനെതിരായ ശശീന്ദ്ര നാഥിന്‍റെ ഹർജി കോടതി തള്ളിയത്. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വീഴ്‌ച്ച വരുത്തി എന്നാരോപിച്ചായിരുന്നു ശശീന്ദ്ര നാഥിനെ ഗവർണർ സസ്പെൻഡ് ചെയ്‌തത്.
2024 ഫെബ്രുവരി 18-നാണ് സിദ്ധാര്‍ഥനെ ഹോസ്‌റ്റല്‍ മുറിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സിദ്ധാര്‍ഥിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അതിക്രൂരമായി മര്‍ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ഥനെ എത്തിച്ചുവെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ എസ്‌എഫ്‌ഐ നേതാക്കളടക്കം അറസ്‌റ്റിലാണ്.
Also Read : സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാര്‍ത്ഥിന്‍റെ പിതാവ് ഹൈക്കോടതിയില്‍ - Sidharth Father In High Court