എറണാകുളം: ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ നടപടികൾ പ്രഹസനമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിധി നടപ്പാക്കാനുള്ള രീതികൾ പൊലീസിന് അറിയാത്തതല്ലെന്നും കോടതി പറഞ്ഞു.
പൊലീസ് തന്ത്രപരമായി നീങ്ങാറില്ലെന്ന് പറഞ്ഞ കോടതി, ഇത്തരം പ്രതിഷേധം നാളെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉണ്ടായാൽ എന്ത് നlലപാട് സ്വീകരിക്കുമെന്നും ചോദ്യമുയർത്തി. വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോഴൊക്കെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിരോധം തീർക്കുന്നതിനാൽ ബലപ്രയോഗം സാധ്യമല്ലെന്ന നിലപാട് സർക്കാർ അറിയിച്ചപ്പോഴാണ് കോടതിയുടെ വിമർശനം.
മുൻപത്തെ പോലെ ക്രമസമാധാന പ്രശ്‌നങ്ങൾ ഇപ്പോഴില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബലപ്രയോഗത്തിലൂടെ അല്ലാതെ വിധി നടപ്പാക്കാൻ കഴിയില്ലേ എന്ന് സർക്കാരിനോട് ചോദിച്ചു. പള്ളിക്കകത്ത് പ്രതിഷേധം തീർക്കുന്നവർ പുറത്തിറങ്ങുമ്പോൾ ബാരിക്കേഡ് വച്ച് തടഞ്ഞുകൂടെ എന്നും കോടതി ചോദിച്ചു.
പള്ളിക്കകത്തേക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് യാക്കോബായ വിഭാഗത്തെ ഹൈക്കോടതി ഓര്‍മപ്പെടുത്തി. വരും ദിവസങ്ങളിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ നടപടിയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാന്‍ കോടതി നിർദേശം നൽകി. വിധി നടപ്പാക്കുന്നതിനെ എതിർക്കുന്നവർ ആരൊക്കെയാണെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.