എറണാകുളം: എഐ ക്യാമറ പദ്ധതിയിൽ കെൽട്രോണിന് നൽകാനുള്ള കുടിശികയിൽ ആദ്യ രണ്ട് ഗഡുക്കൾ കൊടുത്തുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. രണ്ട് ഗഡുക്കൾ കൂടി കെൽട്രോണിന് നൽകാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി. സർക്കാർ നൽകുന്ന പണം വിനിയോഗിക്കരുതെന്നും കെൽട്രോണിനോട് ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് എഐ ക്യാമറ പദ്ധതിയിലെ അഴിമതിയിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ ഹർജി ജൂലൈ 25 ലേക്ക് മാറ്റി.
എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് 33 കോടി രൂപ കുടിശികയുണ്ടെന്ന് കെൽട്രോൺ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഗഡുക്കളായി പണം നൽകാൻ കോടതി സർക്കാരിന് അനുമതി നൽകിയത്. സംസ്ഥാനത്തുടനീളം എ ഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ഹർജിയിലെ ആരോപണം. കെൽട്രോൺ ഉപകരാർ എസ്‌ആര്‍ഐടിക്ക് നൽകിയതിലടക്കം കോടിക്കണക്കിന് രൂപ തട്ടിപ്പ് നടന്നുവെന്നും ആക്ഷേപം ഉണ്ട്.
കരാർ സംബന്ധിച്ച തുക നൽകാത്തതതിൽ പ്രതിഷേധിച്ച് എ ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുന്നത് കെൽട്രോൺ ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. കരാർ പ്രകാരം മൂന്ന് മാസം കൂടുമ്പോൾ പതിനൊന്നര കോടി രൂപയാണ് കെൽട്രോണിന് സർക്കാർ നൽകേണ്ടത്. എ ഐ ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾക്ക് പിഴ ഈടാക്കുന്നത് മോട്ടോർ വാഹന വകുപ്പ് ആണെങ്കിലും ഇതിന്‍റെ സർവീസ് ചുമതല കെൽട്രോണിനാണ്.