എറണാകുളം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്റ്റേ ആവശ്യം കോടതി തള്ളി. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
ഡ്രൈവിങ് സ്‌കൂൾ ഉടമകളും പരിശീലകരുമാണ് ഹർജിക്കാർ. ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ല എന്നിങ്ങനെയായിരുന്നു ഹർജിക്കാരുടെ വാദങ്ങൾ. പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് സർക്കുലർ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ് കോടതി ഇന്ന് നിരാകരിച്ചത്. അതേ സമയം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്‌തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്‍റെ വാദം. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം. പകരം സിഗ്‌സാഗ് ഡ്രൈവിങ്ങും പാര്‍ക്കിങ്ങും ഉള്‍പ്പെടുത്തി.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നതടക്കമുള്ള പുതിയ മാറ്റങ്ങള്‍ ഈ മാസം ഒന്നുമുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ ഡ്രൈവിങ് സ്‌കൂളുകാർ പ്രതിഷേധിക്കുകയും ടെസ്റ്റ് ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു.