തിരുവനന്തപുരം : കേരളത്തിൽ താമസിച്ച് ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെയും കർണാടകയിലേയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ പോളിങ്ങ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടുകൂടി അവധി അനുവദിച്ച് സർക്കാർ ഉത്തരവ്. തമിഴ്‌നാട്ടിൽ ഇന്നും (ഏപ്രിൽ 19) കർണാടകയിൽ ഏപ്രിൽ 26, മേയ് 7 തീയതികളിലുമാണ് വോട്ടെടുപ്പ്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് നേരത്തെ തന്നെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നും വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ടിന്‍റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവ് വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ 39 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങ് ഇന്ന് രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചിരുന്നു. രാവിലെ 9 മണിവരെയുള്ള കണക്കുപ്രകാരം തമിഴ്‌നാട്ടില്‍ 12.55 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നേതാക്കള്‍ എല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ചലച്ചിത്ര താരം രജനികാന്തും ചെന്നൈയിലെ പോളിങ് സ്റ്റേഷനിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു.