തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് സുരക്ഷ നൽകും (Centre will give CRPF security to Governor Arif Mohammed Khan). ഗവർണറുടെ സുരക്ഷ സംബന്ധിച്ച് ഇന്ന് രാജ്‌ഭവനിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. ഗവർണറുടെ വാഹനത്തിനും എസ്‌കോർട്ട് വാഹനത്തിനും സിആർപിഎഫ് സുരക്ഷ നൽകാനാണ് തീരുമാനം.
ഗവർണർക്കൊപ്പം സഞ്ചരിക്കുന്ന 9 വാഹനങ്ങളിൽ 2 എണ്ണത്തിലും സിആർപിഎഫ് ഉദ്യോഗസ്ഥരും, ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളിൽ കേരള പൊലീസും ചുമതലയിൽ തുടരും. രാജ്ഭവന്‍റെ ഉള്ളിൽ സിആർപിഎഫും, ഗേറ്റിൽ കേരള പൊലീസും സുരക്ഷയൊരുക്കും. അന്തിമ തീരുമാനം ഡിജിപിയും ആഭ്യന്തര സെക്രട്ടറിയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും.
ഗവർണർക്കും രാജ്ഭവനും സിആർപിഎഫിന്‍റെ(CRPF) സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഗവർണർക്കെതിരെയുള്ള എസ്‌എഫ്ഐ പ്രതിഷേധം ശക്തമായത് കണക്കിലെടുത്താണ് സിആർപിഎഫ് സുരക്ഷ ഒരുക്കാനായി കേന്ദ്രം തീരുമാനിച്ചത്.
അടുത്തിടെയാണ് കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐക്കാർ കരിങ്കൊടി പ്രതിഷേധവുമായി (SFI protest against Kerala Governor) എത്തിയത്. സംഭവത്തെ തുടർന്ന് ഗവർണർ മുഖ്യമന്ത്രിയെയും എസ്എഫ്ഐയെയും രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ താൻ ഒരു സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ലെന്നും സിആർപിഎഫ് സുരക്ഷ കേന്ദ്രത്തിന്‍റെ തീരുമാനമാണെന്നും ഗവർണർ പറഞ്ഞിരുന്നു.
സംഭവത്തെ തുടർന്ന്, രാജ്യത്തെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് കേരള പൊലീസെന്നും(Kerala Police) എന്നാൽ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി (CM Pinarayi Vijayan) കടിഞ്ഞാണിടുകയാണെന്നും ഗവർണർ പ്രതികരിച്ചിരുന്നു. പൊലീസുകാർ നോക്കി നിൽക്കെയാണ് പ്രതിഷേധക്കാർ അഴിഞ്ഞാടിയത്. അതുകൊണ്ടാണ് തന്‍റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നതെന്നും ഗവർണർ പറഞ്ഞു. ഈ സമയം പൊലീസുകാർ നോക്കി നിൽക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയായിരുന്നു വാഹനത്തിലെങ്കിൽ ഇത്തരത്തിലാകുമോ നടപടി എടുക്കുകയെന്നും ഗവർണർ ചോദിച്ചിരുന്നു. ഗവർണറുടെ സ്വയം ഭരണ അവകാശത്തിൽ ഇടപെടരുതെന്നത് സുപ്രീം കോടതി വിധിയാണെന്നും, താൻ സർക്കാരിന്‍റെ കാര്യത്തിൽ ഇടപെടാറില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.