തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച്, ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലാരംഭിച്ച വാക് പോര് മറുകുന്നു. സിഎഎ സംബന്ധിച്ച കേസുകളില്‍ മുഖ്യമന്ത്രിയുടേത് വോട്ടുതട്ടാനുള്ള മുതലക്കണ്ണീരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെയും ഐഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി ഇന്ന് വീണ്ടും രംഗത്തുവന്നു. കോണ്‍ഗ്രസ് മറുപടി പറയുമോ എന്ന് ചോദിച്ച് പത്രക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ വെല്ലുവിളിച്ചത്.
മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ :
- പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാനേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്?. എഐസിസി പ്രസിഡന്‍റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിന് ?.
- ഭാരത് ജോഡോ ന്യായ് യാത്രയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട് ?.
- ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019 ഡിസംബറില്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നു?. ബില്‍ അവതരിപ്പിച്ചപ്പോഴും തൊട്ടുപിന്നാലെയും അദ്ദേഹം പാര്‍ലമെന്‍റില്‍ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ് ?.
- പൗരത്വ ഭേദഗതി വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് എന്തുകൊണ്ട് മുന്‍കൈയെടുത്തില്ല?.
- കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്‍റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ ?.
- യോജിച്ച സമരങ്ങളില്‍ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്കവാള്‍ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു ?.
- ഡല്‍ഹി കലാപസമയത്ത് ഇരകള്‍ക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ?. സംഘപരിവാര്‍ ക്രിമിനലുകള്‍ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ് മൗനത്തിലായിരുന്നില്ലേ ?.
- എന്‍ഐഎ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയത് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ?. ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോക്‌സഭയില്‍ കേരളത്തില്‍നിന്ന് വോട്ടുചെയ്‌തത് സിപിഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ ?.
Also Read : പൗരത്വ ഭേദഗതി നിയമം : ബിജെപിയും യുഡിഎഫും ഒരേ തൂവൽ പക്ഷികളെന്ന് എംവി ഗോവിന്ദൻ