തിരുവനന്തപുരം: ചട്ടം 300 പ്രകാരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സമീപനം കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ വികസന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും കേന്ദ്ര നയം കാരണം വരുന്ന വർഷത്തിലും സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വരുമാനം വർധിപ്പിക്കുക, ചെലവ് ചുരുക്കുക, പൊതുജന സേവനങ്ങൾക്ക് സങ്കീർണത കുറയ്ക്കുക എന്നിവ വിശദമാക്കി 2024 ജൂലൈ 31 നകം വകുപ്പുകൾ ഉത്തരവിടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര ധനകാര്യ വകുപ്പ് കേരളത്തിൻ്റെ വായ്‌പാ പരിധി മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു.
കിഫ്‌ബിയും പെൻഷൻ കമ്പനികളും എടുക്കുന്ന വായ്‌പകൾ സംസ്ഥാനത്തിൻ്റെ വായ്‌പയായി കേന്ദ്ര ധനകാര്യ കമ്മീഷൻ പരിഗണിച്ചു. ധനകാര്യ കമ്മിഷൻ്റെ പുതിയ മാനദണ്ഡ പ്രകാരം കേരളത്തിൻ്റെ നികുതി വിഹിതം ക്രമാനുഗതമായി കുറച്ചു. സെസ് കാര്യക്ഷമമായി പിരിച്ചെടുത്തു കുടിശ്ശിക നികത്താൻ സർക്കാർ ഇടപെടൽ ഉണ്ടാകും.
കേന്ദ്ര ഗ്രാൻ്റ് ഇനത്തിൽ 19000 കോടി രൂപയുടെ കുറവുണ്ടായി. സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനം 56 ശതമാനം ഉയർത്തിയതോടെയാണ് പിടിച്ചു നിൽക്കാനായത്. ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കുടിശ്ശികയുണ്ടായി. സാമൂഹ്യ ക്ഷേമ പെൻഷൻ തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ആരോഗ്യ മേഖലയിലെയും സപ്ലൈകോയിലെയും കുടിശ്ശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കും. ലൈഫ് പദ്ധതി പ്രകാരം 287893 വീടുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരാണ് മുഴുവൻ തുകയും ചെലവഴിച്ചത്. 5 ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പെൻഷൻ പരിഷ്‌കരണത്തിൻ്റെ ഭാഗമായുള്ള 600 കോടി രൂപ കുടിശ്ശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കും. ശമ്പള പരിഷ്‌കരണ കുടിശ്ശിക സർക്കാർ ജീവനക്കാർക്ക് നൽകാനുണ്ട്. ഡി എ, ഡി ആർ കുടിശ്ശികയുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായി ഉത്തരവിറക്കും. ഈ സാമ്പത്തിക വർഷം രണ്ട് ഗഡു കൊടുക്കാൻ തീരുമാനിച്ചു.
കുട്ടനാട് പാക്കേജ് ഈ സാമ്പത്തിക വർഷം നടപ്പിലാക്കും. ജല ജീവൻ മിഷൻ നടപ്പിലാക്കാൻ ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടി വരുന്നത്. പദ്ധതിക്കായി ആകെ 42000 കോടിയാണ് ചെലവ്. 22000 കോടി സംസ്ഥാന സർക്കാരിൻ്റെ വിഹിതമാണ്. 2016-21 കാലത്ത് 30607കോടി രൂപയാണ് സാമൂഹ്യ സുരക്ഷ പെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തത്.
ഇതിൻ്റെ 98 ശതമാനവും വഹിക്കുന്നത് സംസ്ഥാനം തന്നെയാണ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അവശ വിഭാഗത്തെ ചേർത്ത് നിർത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേത്. കേന്ദ്ര വിഹിതം ലഭിക്കാതെയുള്ള അധിക ബാധ്യത സർക്കാരാണ് വഹിക്കേണ്ടത്.
2024 മാർച്ച് മുതൽ നിലവിലെ ക്ഷേമ പെൻഷൻ കൃത്യമായി നൽകി വരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. തുടർന്ന് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുവാദം തേടിയെങ്കിലും സ്‌പീക്കർ എഎൻ ഷംസീർ അനുമതി നൽകിയില്ല. ഭീഷണി വേണ്ടെന്നും വിഡി സതീശന് സ്‌പീക്കർ താക്കീത് നൽകി.
പിന്നാലെ സംസാരിക്കാൻ അനുവാദം ലഭിച്ചതോടെ ചട്ടം 300 ൻ്റെ പരിധിക്ക് പുറത്തു പോയി മുൻ യുഡിഎഫ് സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി പിന്നാലെ പാർലമെൻ്ററി കാര്യ മന്ത്രി എംബി രാജേഷ് ചട്ടം 300 പ്രകാരം അവതരിപ്പിച്ച വിഷയത്തിൽ ചർച്ച പാടില്ലെന്ന് വ്യക്തമാക്കുകയും സ്‌പീക്കർ ഇതു അംഗീകരിക്കുകയുമായിരുന്നു.
Also Read: സ്‌ത്രീകൾക്കെതിരായ അതിക്രമം, പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ; സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റം