തിരുവനന്തപുരം : സംസ്ഥാനത്തെ വന്‍കിട ഇടത്തര ജലസേചന പദ്ധതികള്‍ക്ക് 184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 169.18 കോടി രൂപയും വകയിരുത്തി ബജറ്റ്. ഇടമലയാര്‍ പദ്ധതിക്കുള്ള സഹായം 35 കോടി രൂപയായും ഉയര്‍ത്തി. ഭൂഗര്‍ഭ ജല ലഭ്യതയെ കുറിച്ച് പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുമായി 22 കോടി രൂപയും കുറ്റ്യാടി ജലസേചന പദ്ധതിക്കായി 7 കോടി രൂപയും കാഞ്ഞിരപ്പുഴ ഡാം ജലസേചനത്തിനായി 10 കോടി രൂപയും കെഎസ്‌ഇബി ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 10 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി.
ബാണാസുര സാഗര്‍ പദ്ധതിക്കായി 18 കോടി രൂപ അനുവദിച്ചു. നേരത്തെ ഈ പദ്ധതിക്ക് 12 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ നിന്നാണ് തുക 18 ആക്കി ഉയര്‍ത്തിയത്. ഡാം പുനരുദ്ധാരണത്തിനും വികസനത്തിനും പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിനുമായി 58 കോടി രൂപയും വകയിരുത്തി. തീരദേശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 16.54 കോടി രൂപയാണ് അനുവദിച്ചത്. കുളങ്ങളുടെ നവീകരണത്തിനും അവയെ ജലസേചന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 7.50 കോടി രൂപയും വകയിരുത്തി.
പാമ്പാര്‍ തടത്തിലെ ചെങ്കളാര്‍ പദ്ധതിയുടെ ഭാഗമായ പട്ടിശ്ശേരി ഡാമിന്‍റെയും കനാല്‍ സംവിധാനത്തിന്‍റെയും പുനര്‍ നിര്‍മാണത്തിനായി 14 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. തലച്ചൂര്‍ കടവില്‍ തടയണയും ഫോര്‍ബേ ടാങ്കും നിര്‍മിക്കുന്നതിനും പട്ടിശ്ശേരി ഡാമില്‍ സുരക്ഷാവേലി ഉള്‍പ്പടെ റിങ് റോഡ് നിര്‍മിക്കുന്നതിനുമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 10 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
ചിറ്റൂര്‍ പുഴ, മലമ്പുഴ. മംഗലം, പോച്ചുണ്ടി, കുറ്റ്യാടി, ഗായത്രി, വാളയാര്‍ പദ്ധതികളിലെ കനാലുകളുടെ നവീകരണ പ്രവര്‍ത്തികള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 'കാഡാ കനാലുകളുടെയും ഫീല്‍ഡ് ചാനലുകളുടെയും ഡ്രെയിനുകളുടെയും നവീകരണം' എന്ന പദ്ധതിക്കായി 11.10 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. മീനച്ചില്‍ നദിക്ക് കുറുകെ അരുണാപുരത്ത് ചെറിയ ഡാമും റഗുലേറ്റര്‍ കം ബ്രിഡ്‌ജും നിര്‍മ്മിക്കുന്നതിനായി മൂന്ന് കോടി രൂപ വകയിരുത്തി. ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 17 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 15 കോടി രൂപ പുതിയ ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലത്തിനുമായാണ് ബജറ്റില്‍ തുക വകയിരുത്തിയത്. 588.85 കോടി രൂപയാണ് ഇവയ്‌ക്ക് രണ്ടിനുമായി സര്‍ക്കാര്‍ അനുവദിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 63.40 കോടി കൂടുതലാണ്. വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ മേഖലകളുടെ പരിപാലനത്തിനുമായി 159.67 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണത്തെ ബജറ്റില്‍ ജലസേചന പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.