തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതമായി 8532 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും നടപ്പാക്കുന്ന ഖരമാലിന്യ പരിപാലന പ്രൊജക്‌ടിനുള്ള 180 കോടി രൂപ അടക്കമാണിത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ലളിതമായ നടപടി ക്രമം പാലിച്ച് ഭൂമി വാങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന പദ്ധതിക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.
കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കാനുള്ള സാധ്യതയും ഇതുവഴിയുണ്ടെന്ന് ബജറ്റ് നിർദ്ദേശിക്കുന്നു. ഒരുമിച്ച് ഫണ്ട് പൂൾ ചെയ്ത് കാലതാമസമില്ലാതെ സങ്കീർണതകൾ ലഘൂകരിച്ച് പദ്ധതികൾ പ്രാവർത്തികമാക്കാനും ഇതുവഴി സാധിക്കുമെന്ന് ബജറ്റില്‍ പറയുന്നു. വ്യവസായ പാർക്കുകൾ, പൊതു സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, തുടങ്ങി തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്ത് ചെയ്യുന്ന പദ്ധതികൾക്ക് സർക്കാർ സഹായം നല്‍കും. ഇതിനായി 100 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.
ഗ്രാമീണ തലത്തിലെ ചെറുകിട വ്യവയായ പദ്ധതികൾക്കായി 212 കോടി വകയിരുത്തി. കൈത്തറി ഗ്രാമത്തിന് നാല് കോടി രൂപ വകയിരുത്തി. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിന് 1000 കോടി രൂപയും വകയിരുത്തി. പ്രാദേശിക മ്യൂസിയങ്ങൾ പദ്ധതിക്ക് 10 കോടി രൂപ വിലയിരുത്തി. തദ്ദേശ സ്വയം ഭരണ കേന്ദ്രങ്ങളുടെ നേതൃത്ത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക എന്നും ധനമന്ത്രി പറഞ്ഞു.