തിരുവനന്തപുരം: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരും വനം വകുപ്പുമാണെന്ന് പ്രതിപക്ഷം. ' വനം വകുപ്പിന്‍റെ അനാസ്ഥയെ തുടര്‍ന്നാണ് അജി എന്ന ട്രാക്‌ടർ ഡ്രൈവറെ കാട്ടാന ആക്രമിച്ചതിന് കാരണം. അടിക്കടി ഇത്തരം ആക്രമണങ്ങളുണ്ടാകുമ്പോൾ യോഗം വിളിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും' അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി പൊലിസും റവന്യൂ, വനം വകുപ്പുകളും ചേർന്ന് കൺട്രോൾ റൂം ആരംഭിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ആന എത്തിയത് സംബന്ധിച്ച സിഗ്നൽ ലഭിക്കുന്നതിന് മൂന്നു മണിക്കൂർ കാലതാമസമുണ്ടായതില്‍ കർണാടക സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. സംഭവം അറിഞ്ഞ ഉടനെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റ നേതൃത്വത്തിൽ വനം ആസ്ഥാനത്ത് യോഗം ചേർന്നു.
വനത്തിനും വന്യജീവികൾക്കും സംരക്ഷണം നൽകുക എന്നതാണ് വനം മന്ത്രിയുടെ ചുമതല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് സർക്കാരിൻ്റെ കടമ. ഇതിനു രണ്ടിനും ഇടയിൽ നിന്നാണ് വനം മന്ത്രിയും വനം വകുപ്പും പ്രവർത്തിക്കുന്നത്.
സ്വന്തം ജീവൻ പോലും അവഗണിച്ചാണ് വനം വകുപ്പ് ജീവനക്കാർ പ്രവർത്തിക്കുന്നത്. അവരും മനുഷ്യരാണ്. ഇതു പോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൈകാരികമായി പെരുമാറുന്നതിൽ നിന്ന് എംഎൽഎമാർ ഉൾപ്പെടെയുള്ളവർ മാറി നിൽക്കണം. അത് വനം ജീവനക്കാരുടെ മനോവീര്യം തകർക്കും. പ്രഖ്യാപിച്ച എല്ല നഷ്‌ടപരിഹാര ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നും സർക്കാർ അജിയുടെ കുടുംബത്തോടൊപ്പമാണെന്നും വനം മന്ത്രി പറഞ്ഞു.
അതേസമയം, ജനുവരി 30ന് തന്നെ ആനയുടെ സാന്നിധ്യം കേരള വനം വകുപ്പ് അറിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സന്ദേശം ലഭിക്കുന്നതിനുള്ള യൂസർ ഐഡിയും പാസ്‌വേഡും കർണാടകം കേരളത്തിന് കൈമാറി. എന്നിട്ടും ആനയുടെ സാന്നിധ്യം കൃത്യമായി കണ്ടെത്തുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടു.
ആക്രമണകാരിയായ ആന എത്തിയാലും ട്രാക്ക് ചെയ്യാൻ ഒരു സംവിധാനവും വനം വകുപ്പിനില്ല. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് വയനാട്ടിലെ ജനങ്ങൾ ജീവനോടെയുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിൽ സർക്കാർ തീർത്തും നിഷ്ക്രിയമാണെന്നാരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.