തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 മുതൽ ചേരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് വേണ്ടി ഗവർണറോട് ശുപാർശ ചെയ്യാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച ഓർഡിനൻസ് ഗവർണർ തള്ളിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള ബില്ല് വരുന്ന നിയമസഭ സമ്മേളനത്തിൽ ചർച്ച ചെയ്യും.
പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലും മന്ത്രിസഭായോഗം അംഗീകരിച്ചു. അടുത്ത വർഷത്തെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്താൻ പ്രത്യേക പരിശോധന സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. അന്തിമരൂപം നൽകുന്നതിന് മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വേണു വി സെക്രട്ടറിയുമായ പ്രത്യേക പരിശോധന സമിതി രൂപീകരിക്കും.
കെ രാജൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ പരിശോധന സമിതി അംഗങ്ങളാകും. കെ ഫോണ്‍ ലിമിറ്റഡിന് വായ്‌പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 25 കോടി രൂപ ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും പ്രവര്‍ത്തന മൂലധനമായി അഞ്ച് വര്‍ഷത്തേക്ക് വായ്‌പയെടുക്കാനാണ് ഗ്യാരണ്ടി നല്‍കുക.
ഇലക്‌ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും വകുപ്പ് സെക്രട്ടറിയെ ഗ്യാരണ്ടി കരാറില്‍ ഏര്‍പ്പെടാന്‍ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്‌ട് എഗ്രിമെന്‍റ് എക്‌സിക്യൂട്ട് ചെയ്യുന്നതിന് 28,11,61,227 രൂപയുടെ സര്‍ക്കാര്‍ ഗ്യരണ്ടി നല്‍കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Also Read: തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ; വെട്ടിലായി സർക്കാർ