കോട്ടയം: കെനിയയിലെ നെയ്റോബി അയ്യപ്പ ക്ഷേത്രത്തിൽ സ്ഥാപിക്കുവാനുള്ള കൊടിമരം വൈക്കത്ത് നിന്നും പുറപ്പെട്ടു. കെനിയയിലേക്ക് കൊണ്ടു പോകുന്നതിനുള്ള അവസാന തയ്യാറെടുപ്പുകൾ നടത്തിയ ശേഷം കുടവെച്ചൂർ ചേരക്കുളങ്ങര ദേവി ക്ഷേത്രത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് കൊടിമരം കണ്ടെയ്‌നറിൽ കയറ്റിയത്.
കടൽ മാർഗമാണ് കൊടിമരം കെനിയയിൽ എത്തിക്കുന്നത്. വിവിധ വകുപ്പുകളുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. കുടവെച്ചൂർ ചേരക്കുളങ്ങര ദേവി ക്ഷേത്രത്തിൽ തൈലാധിവാസത്തിലായിരുന്ന തടി എണ്ണത്തോണിയിൽ നിന്നും ഒരു മാസം മുൻപ് പുറത്തെടുത്തിരുന്നു. 10 കോൽ 2 അംഗുലം നീളമുളള കൊടിമരത്തിന് പിച്ചളയിൽ തീർത്ത 12 പറകളാണുള്ളത്. പാലക്കാട് കല്‌പാത്തിയിൽ പറകൾ തയ്യറാക്കിയപ്പോൾ ആധാരശിലകൾ ഒറ്റപ്പാലത്ത് നിന്നാണ് ഇവിടെ എത്തിച്ചത്.
2023 മാർച്ച് 8 ന് പാല പൂവരണി ഈട്ടിയിൽ രാജന്‍റെ പുരയിടത്തിലെ ലക്ഷണമൊത്ത തേക്കിൻ തടി നിലം തൊടാതെ ക്രെയിനിന്‍റെ സഹായത്തോടെ കുടവെച്ചൂർ ചേര കുളങ്ങര ദേവി ക്ഷേത്രത്തിലെത്തിച്ചിരുന്നു. മെയ് 14 നാണ് എണ്ണ തോണിയിലാക്കിയത്. തൃശൂർ ശ്രീജിത് പൊതുവാളിന്‍റെ മേൽനോട്ടത്തിൽ ശുദ്ധമായ നല്ലെണ്ണയും പതിന്നൊന്നിനം അങ്ങാടി മരുന്നും ചേർത്താണ് തൈലം തയ്യാറാക്കിയത്. 600 കിലോഗ്രാം എണ്ണയാണ് തൈലത്തിനായി ഉപയോഗിച്ചത്.
2024 ഫെബ്രുവരി 12 ന് എണ്ണ തോണിയിൽ നിന്നും പുറത്തെടുത്ത ശേഷം ആധാര ശിലയിലേക്ക് പോകേണ്ട ഭാഗം ചെമ്പ് പൊതിഞ്ഞു. ബാക്കി ചടങ്ങുകൾ നെയ്റോബി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചതിനു ശേഷമായിരിക്കും നടക്കുക. വെച്ചൂരിൽ നിന്നാണ് ക്രെയിനിന്‍റെ സഹായത്തോടെ കൊടിമരം കണ്ടയിനറിൽ കയറ്റി കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെ നിന്നും കപ്പൽ മാർഗം കെനിയ നെയ്റോബിയിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തിക്കും.
25 ദിവസം കൊണ്ട് നെയ്‌റോബിയിലെത്തും. മെയ് മാസം അവസാനം കൊടിമര പ്രതിഷ്‌ഠ നടത്തി ഉൽസവം നടത്താനാണ് ശ്രമം. പ്രതിഷ്‌ഠ ചടങ്ങിൽ കൊടിമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ ക്ഷേത്രത്തിലെത്തുന്നുണ്ട്.
നെയ്റോബി അയ്യപ്പ സേവ സമാജം പ്രവർത്തകർ കഴിഞ്ഞ രണ്ടു വർഷമായി കൊടിമര പ്രതിഷ്‌ഠക്കായി ലക്ഷണമൊത്ത തേക്കിൻ തടി അന്വേഷിക്കുകയായിരുന്നു. ഒടുവിൽ പാല പൂവരണിയിൽ നിന്നാണ് ലഭിച്ചത്.
മുൻ ശബരിമല മേൽശാന്തി നാരായണൻ നമ്പൂതിരിയാണ് അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തി.
അയ്യപ്പ സേവാ സമാജം സെക്രടറി കുടവെച്ചൂർ എടത്തിൽ പ്രവീൺ കുമാറാണ് കൊടിമരം എണ്ണ തോണിയിലിടുവാൻ ചേരകുളങ്ങര ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയത്. അയ്യപ്പ സമാജത്തിന്‍റെ ചെയർമാൻ ചങ്ങനാശ്ശേരി സ്വദേശിയായ രാജേന്ദ്ര പ്രസാദാണ്.