ആലപ്പുഴ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി കെ സി വേണുഗോപാൽ. തീവ്രവാദത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് സഹോദരി സഹോദരന്‍മാരെയാണ് പച്ചജീവനോടെ ചുട്ടുകൊന്നും പാവപ്പെട്ട സ്ത്രീകളെ മാനഭംഗപ്പെടുത്തിയും മണിപ്പൂര്‍ കത്തിയമര്‍ന്നപ്പോള്‍, സബ്‌കാ സാത്ത് സബ്‌കാ വികാസ് എന്ന് പറയുന്ന പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ ഒരക്ഷരം മിണ്ടാനോ, അവിടെ സന്ദര്‍ശിക്കാനോ തയ്യാറായോ? എന്ന് അദ്ദേഹം ചേദിച്ചു.
മോദി ഭരണകൂടം വിലക്കിയിട്ടും തന്‍റേടത്തോടെ മണിപ്പൂര്‍ ജനതയുടെ കണ്ണീരൊപ്പാന്‍ പോയ ആദ്യനേതാവ് രാഹുല്‍ ഗാന്ധിയല്ലേ? ജാതി നോക്കിയും മതം നോക്കിയുമല്ല, ന്യായം നോക്കിയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിലപാട് എടുക്കുക. കോണ്‍ഗ്രസ് തീവ്രവാദത്തോടൊപ്പമാണെന്ന് മണിപ്പൂരിലെ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേരളത്തില്‍ വന്ന് പയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മഹാത്മ ഗാന്ധി പടുത്തുയര്‍ത്തിയ മഹത്തരമായ ആശയങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അല്ലാതെ നാഥൂറാം ഗോഡ്‌സെയുടെ ഭാഗമല്ല. തങ്ങള്‍ ഗോഡ്സെയുടെ ആളുകളല്ല. ഗാന്ധിയുടെ ആളുകളാണെന്നും അതുകൊണ്ട് അമിത് ഷാ കോണ്‍ഗ്രസിനെ തീവ്രവാദത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
കരിമണല്‍ ഖനനത്തിന് സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും കൂട്ടു നില്‍ക്കുന്നു എന്നുള്ള അമിത്ഷായുടെ വിമര്‍ശനത്തിനും അദ്ദേഹം ശക്തമായ മറുപടി നല്‍കി. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തിലാവട്ടെ, എല്‍ഡിഎഫും. എന്നിട്ടും ഈ കള്ളക്കടത്ത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാണ് യഥാര്‍ഥ പ്രതി? താന്‍ ആദ്യം തെരഞ്ഞെടുപ്പിന് ആലപ്പുഴയില്‍ മത്സരിക്കുന്ന സമയത്ത് തനിക്ക് കരിമണല്‍ കര്‍ത്ത പണം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ അത് താന്‍ നിരസിച്ചു. അതിന്‍റെ വൈരാഗ്യത്താല്‍ തന്നെ പരാജയപ്പെടുത്താന്‍ കര്‍ത്ത പരമാവധി ശ്രമിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ബിജെപിയുടെ ഭരണം അദാനിക്കും അംബാനിക്കും വേണ്ടിയുള്ളത്. കോണ്‍ഗ്രസ് പ്രകടന പത്രിക രാജ്യത്ത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ അദാനിക്കും അംബാനിക്ക് വേണ്ടിയുള്ളതല്ല. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്ന് പറഞ്ഞാല്‍ അതുപാലിച്ചിരിക്കും. അതിനെ ഉദാഹരണമാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്‌ദാനം കോണ്‍ഗ്രസ് പാലിച്ചു. 30 ദിവസം കൊണ്ട് 30000 പേര്‍ക്ക് തൊഴില്‍ നല്‍കിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ വാഗ്‌ദാനം പാലിച്ചത്.
നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ആലപ്പുഴയില്‍ കയര്‍മേഖലയ്ക്കായി പുതിയ പാക്കേജ് പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പറയുന്നത്. പത്തു കൊല്ലം ഭരണത്തിലിരുന്നിട്ട് പ്രഖ്യാപിക്കാത്ത പാക്കേജ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പോകുമ്പോഴാണോ പാക്കേജ് പ്രഖ്യാപിക്കേണ്ടത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവയ്ക്കാന്‍ തീരദേശപരിപാലന നിയമത്തില്‍ ഇളവ് കൊണ്ടുവരാത്തവരാണ് പുതിയ പാക്കേജുമായി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ സഹായിക്കാനാണ് താന്‍ ലോക്‌സഭയില്‍ മത്സരിക്കുന്നതെന്നാണ് സിപിഎമ്മിന്‍റെ പ്രചരണം. അതുകൊണ്ടായിരിക്കും അമിത് കേരളത്തില്‍ ആകെ നടത്തിയ ഒരു തെരഞ്ഞെടുപ്പിന് ആലപ്പുഴതന്നെ തെരഞ്ഞെടുത്തതെന്നും വേണുഗോപാല്‍ പരിഹസിച്ചു. കോണ്‍ഗ്രസിന്‍റെ പോരാട്ടം ചിഹ്നം സംരക്ഷിക്കാനല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്‍റേത്. ആ പോരാട്ടത്തില്‍ പരമാവധി അഗംങ്ങളെ ലോക്‌സഭയില്‍ എത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതിനാലാണ് എല്ലാ മുതിര്‍ന്ന നേതാക്കളും മത്സരംഗത്തുളളത്. വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇത് ആദ്യമല്ല. അതിനെയെല്ലാം തനിക്ക് അതിജീവിക്കാന്‍ കഴിഞ്ഞത് ആലപ്പുഴക്കാരുടെ സ്‌നേഹം കൊണ്ടാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.