തിരുവനന്തപുരം : യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണമെന്നും മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്‌ടിക്കണമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി എഴുതിയ തുറന്ന കത്തിലാണ് ഇതുസംബന്ധിച്ച പരാമർശം.
രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകളിൽ സൂപ്പർഫാസ്റ്റുകളും അതിന് താഴെ ശ്രേണിയിലുള്ള ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തിക്കൊടുക്കണമെന്നും കത്തിൽ പറയുന്നു. ഒരു യാത്രക്കാരൻ മാത്രമേ ഉള്ളുവെങ്കിൽപ്പോലും കൈ കാണിച്ചാൽ ബസ് നിർത്തി കൊടുക്കണം. ബസുകളാണ് കെഎസ്ആർടിസിയുടെ മുഖമുദ്ര, അവ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കണം.
യാത്രക്കാരിൽ നിന്നുമുണ്ടാകുന്ന പരാതികളിൽ ഇടപെടലും നിയമാനുസൃത നടപടികളും അടിയന്തരമായി കൈക്കൊള്ളണം. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണ്. കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണം. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി സാമ്പത്തികച്ചോര്‍ച്ച തടഞ്ഞാല്‍ കോര്‍പറേഷനെ രക്ഷിക്കാനാവും.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതത്തിലാക്കാന്‍ ശ്രമിക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും മാതൃസ്ഥാപനത്തെ ഒറ്റുകൊടുക്കലാണിതെന്നും കത്തിൽ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറണം.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നൂതനമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും ചെറിയ ബസുകളടക്കം വാങ്ങിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി കാന്‍റീന്‍ തുടങ്ങുമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.